നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ മാസം ഇരുപത്തിയൊമ്പത് മുതല്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് പതിനായിരക്കണക്കിനു വിദേശികള്‍ക്ക് അനുഗ്രഹമാകും. പത്തൊമ്പത് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പൊതുമാപ്പ് കാമ്പയിന്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.
ഹജ്ജ് ഉമ്ര സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് യാത്രാ രേഖകളുമായി നേരിട്ട് വിമാനത്താവളങ്ങളിലോ സീപോര്‍ട്ടുകളിലോ അതിര്‍ത്തിപോസ്റ്റുകളിലോ എത്തിയാല്‍ ശിക്ഷ കൂടാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാം.
ഇഖാമയുടെ കാലാവധി കഴിഞ്ഞവരും, തൊഴില്‍ നിയമലംഘകരും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെയോ തൊഴില്‍ മന്ത്രാലയത്തിന്റെയോ വെബ്‌സൈറ്റ് വഴിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
എന്നാല്‍ സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍ പെട്ടവരും, അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിച്ച കേസില്‍ പെട്ടവരും, ഒരു രേഖയുമില്ലാതെ സൗദിയില്‍ എത്തിയവരും ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ ജവാസാത്തിനു കീഴിലെ ഇദാറതുല്‍ വാഫിദീന്‍ എന്ന വിദേശകാര്യ വകുപ്പിനെ ബന്ധപ്പെടണം. പൊതുമാപ്പിനെ കുറിച്ച വിവരം വിദേശരാജ്യങ്ങളുടെ എമ്ബസികളെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
