ജിദ്ദ: സൗദിയില്‍ പൊതുമാപ്പ് അവസാനിക്കാറായ സാഹചര്യത്തില്‍ നിയമലംഘകര്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും അധികൃതര്‍. മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലി നല്‍കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.നാല് ലക്ഷത്തോളം പേര്‍ മാത്രമാണ് ഇതുവരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ വരുന്നവരുടെ കാര്യമായ തിരക്ക് ഇപ്പോഴില്ല. ഹായില്‍ പോലുള്ള വിദൂര സ്ഥലങ്ങളില്‍ പോയി ഇന്ത്യക്കാരില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഇന്ത്യന്‍ എംബസി അവസാനിപ്പിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ ഇനി എംബസിയെ നേരിട്ട് സമീപിക്കണം എന്നാണു നിര്‍ദേശം. അതേസമയം സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്ഥാപനത്തിലേക്കുള്ള റിക്രൂട്ട്മെന്റിനു ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ അമ്പതിനായിരവും റിക്രൂട്ട്മെന്‍റ് വിലക്ക് രണ്ട് വര്‍ഷവുമായി വര്‍ധിക്കും.
കൂടാതെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ആറു മാസത്തെ തടവും അനുഭവിക്കേണ്ടി വരും. മൂന്നാമതും പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ചു വര്‍ഷത്തെ റിക്രൂട്ട്മെന്‍റ് വിലക്ക്, ഉദ്യോഗസ്ഥന് ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയായിരിക്കും ശിക്ഷ. എന്നാല്‍ കുറ്റം ചെയ്യുന്നത് ചെറിയ സ്ഥാപനങ്ങള്‍ ആണെങ്കില്‍ ആദ്യത്തെ തവണ പതിനയ്യായിരവും രണ്ടാമത്തെ തവണ മുപ്പതിനായിരവും റിയാല്‍ ആയിരിക്കും പിഴ.
സ്വന്തം സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
