അപൂര്‍വ രോഗമെന്ന വിശേഷണമുളള അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു.

തിരുവനന്തപുരം: അപൂര്‍വ രോഗമെന്ന വിശേഷണമുളള അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. നിലവില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുളളത്. താമരശേരിയിലെ വിവിധ ജലസ്രോതസുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ വരും.

നിപയെയും കൊവിഡിനെയുമെല്ലാം ഫലപ്രദമായി പ്രതിരോധിച്ച പരിചയമുണ്ട് കോഴിക്കോടിനും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ ഉള്‍പ്പെടെയുളള വിഭാഗങ്ങളിലെ വിദ​ഗ്ധർക്കും. എന്നാല്‍ അപൂര്‍വരോഗം എന്ന് വിളിപ്പേരുളള അമീബിക് മസ്തിഷ്ക ജ്വരം ആവര്‍ത്തിച്ചുണ്ടാവുകയും കുരുന്നുജീവനുകള്‍ നഷ്ടമാവുകയും ചെയ്തിട്ടും കാരണങ്ങളോ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങളോ നിര്‍ദ്ദേശിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് കോഴിക്കോട് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ രോഗികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയുടെ കാരണങ്ങളിലൊന്ന് അമീബയുടെ വകഭേദമാകാമെന്നാണ് ആരോഗ്യ വകുപ്പ് നിഗമനം. കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളില്‍ നടത്തിയ ജനിതക ശ്രേണീ പരിശോധനയില്‍ ഒന്നിലധികം വകഭേദങ്ങള്‍ രോഗം പടര്‍ത്തുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ബാലമുത്തിയ മാന്‍ഡ്രിലാരിസ്, ഒകെന്തമീബ, വെര്‍മബീമ തുടങ്ങിയ ഇനങ്ങളെയാണ് വകഭേദങ്ങളായി പറയുന്നതെങ്കിലും ഇവയില്‍ പലതിന്‍റെയും സാന്നിധ്യം നേരത്തെ തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിനാല്‍ വകഭേധം മാത്രമാണോ ഇപ്പോഴത്തെ സാഹചര്യത്തിനു പിന്നില്‍ എന്നതിലും വിധഗ്ധര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ഏത് ജല സ്രോതസുകളില്‍ നിന്നാണ് രോഗം വന്നത് എന്നതില്‍ ചില കേസുകളില്‍ വ്യക്തത വന്നിട്ടുമില്ല. കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പൊതുകുളങ്ങള്‍ വൃത്തിയാക്കണമെന്നും കുടിവെളള സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ളോറിനേഷന്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട ഇക്കാര്യങ്ങളില്‍ വീഴ്ച വന്നതാണോ രോഗബാധ കൂടാന്‍ കാരണമെന്ന സംശയവും നിലനില്‍ക്കുന്നു. വൈറസ് രോഗങ്ങള്‍ പോലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല എന്ന കാരണത്താല്‍ കൊവിഡിന്‍റെയും നിപയുടെയും കാര്യത്തിലുള്ള പോലെ കാര്യമായ പൊതു നിര്‍ദ്ദേശങ്ങള്‍ അമിബീക് ജ്വരത്തിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല.

രോഗം കണ്ടെത്തുന്ന മേഖലകളില്‍ മാത്രം നിയന്ത്രണം എന്നതാണ് ഇപ്പോഴത്തെ രീതി. ഇതിന് പകരം ജലാശയ ശുചീകരത്തിലും മുങ്ങിക്കുളി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലിന്റെ കാര്യത്തിലും ആരോഗ്യ വകുപ്പ് കൃത്യമായ നിര്‍ദ്ദേശങ്ങളോടെ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അടുത്തിടെ രോഗം ബാധിച്ച് ഒന്പത് വയസുകാരി മരിക്കുകയും സഹോദരന് രോഗം സ്ഥിരീകരിക്കുകഗയും ചെയ്ത കോഴിക്കോട് താമരശേരിയിലെ ജലസ്രോതസുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ വരും.

മാരകമാണ് അമീബിക് മസ്തിഷ്ക ജ്വരം; പേടിക്കണം തലച്ചോറുതിന്നുന്ന ഈ ഏകകോശജീവിയെ