ദില്ലി: ഒരു വര്‍ഷം മുമ്പ് 52 ലക്ഷം രൂപ മുടക്കി നവീകരിച്ച കാന്റീൻ പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവിട്ട് കേന്ദ്രമന്ത്രിക്കായി ഓഫീസ് നിർമിക്കുന്നു. ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ഭവനിലെ സ്റ്റാഫ് കാന്റീൻ പൊളിച്ചുമാറ്റിയാണ് പാര്‍ലമെന്ററികാര്യ സഹമന്ത്രിയായ വിജയ് ഗോയലിനായി ഓഫീസ് നിർമിക്കുന്നത്. കഴിഞ്ഞ വർഷം 52 ലക്ഷം രൂപ മുടക്കി നവീകരിച്ച ഓഫീസ് പൊളിച്ചുമാറ്റിയാണ് മന്ത്രിയുടെ ഓഫീസ് നവീകരണമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിയുടെ അഞ്ചുനില ചേംബറിലെ ഏക കാന്റീനാണ് ഓഫീസ് നവീകരണത്തിനായി പൊളിച്ചുമാറ്റിയത്. നിർമാണത്തിന് ഇതേവരെ 1.09 കോടി രൂപ ചെലവായി. നിർമാണം പൂർത്തിയാകുന്പോൾ ചെലവ് ഇതിലൂം കൂടാനിടയുണ്ട്. മന്ത്രി നേരിട്ടാണ് പുതിയ ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുന്നതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നിർമാണങ്ങൾ ഏറെക്കുറെ പൂർത്തിയായെന്നും മന്ത്രി നിർദേശിച്ച, വാസ്തു പ്രകാരമുള്ള ചില മാറ്റങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്കായി കാന്റീൻ പൊളിച്ചുമാറ്റിയതിനെക്കുറിച്ചോ ഇതിനായി ഒരു കോടി രൂപ ചെലവഴിച്ചതിനെക്കുറിച്ചോ തനിക്ക് അറിവില്ലെന്നാണ് വിജയ് ഗോയലിന്റെ പ്രതികരണം. പുതിയ ഓഫീസ് നിർമിക്കാൻ നിർദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസിന് പുറമെ പേഴ്സണ്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെ ഓഫീസും പഞ്ചായത്തീരാജ് ഓഫീസും ദേശീയ സുരക്ഷാ സെക്രട്ടറിയേറ്റ് കൗണ്‍സില്‍ ഓഫീസും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിലുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഏകസ്ഥലമാണ് കെട്ടിടത്തിലെ ക്യാന്റീന്. ഇതാണിപ്പോള്‍ പൊളിച്ചുമാറ്റിയത്.
