ഒടുവില്‍ ആ റെക്കോര്‍ഡും മെസിക്ക് സ്വന്തം

മോസ്കോ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മല്‍സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഒരു റെക്കോര്‍ഡ് നേട്ടത്തോടെയാണ് മെസി ഐസ്‍ലന്‍ഡിനെതിരായ മല്‍സരം പൂര്‍ത്തിയാക്കുന്നത്. 1996ന് ശേഷം ഗോളുകള്‍ നേടാതെ ഏറ്റവും അധികം ഷോട്ടുകള്‍ ഗോള്‍മുഖത്തേയ്ക്ക് പായിച്ച അര്‍ജന്റീനന്‍ താരമെന്നതാണ് ആ റെക്കോര്‍‍‍ഡ്. ഐസ്‍ലന്‍ഡ് ഗോള്‍ മുഖത്തേയ്ക്ക് 11 തവണയാണ് മെസി ഷോട്ടുകള്‍ പായിച്ചത്.

ഒരു തവണ പോലും വലകുലുക്കിയില്ലെങ്കിലും റെക്കോര്‍ഡുമായാണ് മെസി ഗ്രൗണ്ടില്‍ നിന്ന് പോകുന്നത്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി. പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നതായും മെസി തുറന്നുപറഞ്ഞു. പെനല്‍റ്റി പാഴാക്കിയതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുവരെ 103 തവണയാണ് മെസ് പെനല്‍റ്റി എടുത്തിട്ടുള്ളത്. ഇതില്‍ 79 തവണ ഗോള്‍ വല കുലുക്കാന്‍ മെസിക്ക് സാധിച്ചു. 24 തവണ പെനല്‍റ്റി പിഴച്ചെങ്കിലും ഐസ്‍ലന്‍ഡിന് എതിരായ ഗോള്‍നഷ്ടം അര്‍ജന്റീനയ്ക്ക് ചെറിയ നാണക്കേടല്ല വരുത്തിയതെന്ന് മാത്രം. 

പ്രതിരോധത്തില്‍ മാത്രമായിരുന്നു ഐസ്‌ലന്‍ഡിന്‍റെ ശ്രദ്ധ. ഐസ്‌ലന്‍ഡിനെതിരെ തങ്ങള്‍ വിജയം ആര്‍ഹിച്ചിരുന്നു. ടീമിന്‍റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം.എന്നാല്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീന വിജയിക്കുക തന്നെ ചെയ്യുമെന്ന് മെസി മല്‍സര ശേഷം പ്രതികരിച്ചിരുന്നു.