ഏഷ്യാനെറ്റ് ന്യൂസ് റിസര്‍ച്ച് ഡെസ്‌ക്‌
ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യന്‍ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് ചൈന എന്ന വന്‍മതില്‍. സിയോളില്‍ നടന്ന എന്‍എസ്ജി സമ്പൂര്‍ണ്ണ വാര്‍ഷിക യോഗത്തില്‍ ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) ഒപ്പു വെച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്കു പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നു ബ്രസീലും തുര്‍ക്കിയും നിലപാട് മയപ്പെടുത്തി. എന്‍.പി.ടി ഒപ്പു വെക്കാത്ത ഇന്‍ഡ്യക്ക് അംഗത്വം നല്‍കുന്നതിനെ ചൈനയെക്കൂടാതെ ഓസ്ട്രിയ, അയര്‍ലാന്‍ഡ് , ന്യൂ സീലാന്‍ഡ്, സ്വിറ്റസര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും എതിര്‍ത്തു .


1970 ല്‍ നിലവില്‍ വന്ന ആണവ നിര്‍വ്യാപന കരാര്‍ പ്രകാരം ആണവശക്തികളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്,റഷ്യ , ചൈന എന്നീ പഞ്ചശക്തികള്‍ക്കല്ലാതെ ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ അവകാശമില്ല. സമാധാനാവശ്യത്തിനായി ആണവസാങ്കേതിക വിദ്യ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ക്കു കൈമാറാം. ഇതു പക്ഷപാതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ എന്‍പിടിയില്‍ ഒപ്പു വെക്കാത്തത്. പിന്നീട് നിലവില്‍ വന്ന സിടിബിടി കരാറും പക്ഷപാതമെന്നു പറഞ്ഞു ഇന്ത്യ ഒപ്പു വെച്ചില്ല. 

ഈ കരാറുകള്‍ ഇന്ത്യ ഒപ്പിടുന്നത് ഇതുവരെ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനു കടകവിരുദ്ധമാണ് . എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ തോറിയം റിയാക്ടറുകള്‍ സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യക്കു ആണവോര്‍ജ്ജ മേഖലയില്‍ സ്വന്തം ഇടം കണ്ടെത്തിയേ തീരൂ. ആണവ റിയാക്ടറുകള്‍ക്കു വേണ്ട ഇന്ധനമായ യുറേനിയം നിക്ഷേപം ഇന്ത്യയില്‍ തീരെ കുറവാണ് . എന്നാല്‍ തോറിയം നിക്ഷേപത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ് , പക്ഷെ അതിനുള്ള സാങ്കേതിക വിദ്യ കൈവരിക്കണമെങ്കില്‍ യുറേനിയം റിയാക്ടറിലൂടെ പ്ലൂട്ടോണിയം വഴി വേണം തോറിയം പരിവര്‍ത്തനത്തിലെത്താന്‍. 

2008 ലെ ഇന്ത്യ അമേരിക്ക സൈനികേതര ആണവ കരാര്‍ ഉപയോഗിച്ചു് അമേരിക്ക ഇന്‍ഡ്യക്ക് മേല്‍ ഉണ്ടായിരുന്ന എന്‍എസ്ജി ഉപരോധം നീക്കാന്‍ സഹായിച്ചു. പകരമായി അമേരിക്കയില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങാമെന്ന കരാര്‍ പ്രയോഗികമായിട്ടില്ലെങ്കിലും ഫ്രാന്‍സും റഷ്യയുമായി ഇന്ത്യ വളരെ അധികം മുന്നേറി. യുറേനിയം നിക്ഷേപത്തില്‍ സമ്പന്നമായ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് യുറേനിയം തരാനും സന്നദ്ധമായി. ക്രമേണ ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സംഘടനയിലെ അംഗത്വം നേടി ഇന്ത്യക്കും അന്താരാഷ്ട്ര ബിസിനസ്സില്‍ ഇടം കണ്ടെത്താമെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത് . 

ശൂന്യാകാശ പര്യവേക്ഷണ രംഗത്തു ഇന്ത്യ മുന്നിലാണ് . ആണവോര്‍ജ്ജ രംഗത്തുകൂടി മുന്നിലെത്താനുള്ള ശ്രമത്തിനു താല്‍ക്കാലികമായി തിരിച്ചടിയേറ്റെങ്കിലും ഇന്ത്യ പിന്നോട്ടില്ലെന്നു തന്നെയാണ് രാഷ്ട്രീയ നേതൃത്വം സൂചിപ്പിക്കുന്നത് .