കെഎസ്ആര്‍ടിസിയില്‍ അധികാരി വര്‍ഗത്തെ മുട്ടുകുത്തിച്ച സമരം നടക്കുമ്പോള്‍ തച്ചങ്കരി ജനിച്ചിട്ടില്ല.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി ഇറങ്ങിപ്പോകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. കോർപ്പറേഷൻ ആസ്ഥാനത്ത് നടത്തിയ സമരപ്രഖ്യാപന കൺവെൻഷനിലായിരുന്നു തച്ചങ്കരിക്കെതിരെ ആനത്തലവട്ടം രൂക്ഷമായ പരിഹാല ശരങ്ങളെറിഞ്ഞത്. 

കെഎസ്ആര്‍ടിസിയില്‍ അധികാരി വര്‍ഗത്തെ മുട്ടുകുത്തിച്ച സമരം നടക്കുമ്പോള്‍ തച്ചങ്കരി ജനിച്ചിട്ടില്ല. തനിക്ക് എല്ലാ പണിയും അറിയാമെന്നാണ് തച്ചങ്കരി പറയുന്നത്. ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആക്കാതിരുന്നത് ഭാഗ്യമായി. അങ്ങനെയായിരുന്നെങ്കില്‍ ഇദ്ദേഹം തെങ്ങില്‍കയറുന്ന ചിത്രം കാണാം. ഇതൊന്നും കാണിച്ച് കേരളത്തിലെ തൊഴിലാളികളെ പറ്റിക്കാനാവില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അതേസമയം സമരപ്രഖ്യാപന കൺവെൻഷന്‍ വിളിച്ച നേതാക്കൾക്കെതിരെ തച്ചങ്കരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിനിടെ കെഎസ്ആർടിസിയെ മൂന്ന് മേഖലകളാക്കി തിരിച്ചുള്ള ഉത്തരവും ഇന്നിറങ്ങി.

തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങൾക്കെതിരെ സംയുക്ത യൂണിയനുകളുടെ സമരപ്രഖ്യാപന കൺവെൻഷനിലായിരുന്നു ആനത്തലവട്ടത്തിൻറെ അതിരൂക്ഷ വിമർശനവും ആക്ഷേപവും. യൂൂണിയനുകളുടെ വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ പിന്തുണക്കുന്നത്. അതിനിടെയാണ് വൈക്കം വിശ്വൻ അടക്കമുള്ള ഇടത് നേതാക്കളുടെ സാന്നിധ്യത്തിൽ മുതിർന്ന സിപിഎം നേതാവിൻറെ പരസ്യവിമർശനം. പോരിൽ തച്ചങ്കരിയും പിന്നോട്ടില്ല. ഓഫീസ് സമയത്തെ സമരം പാടില്ലെന്ന് ഉത്തരവിറക്കിയ തച്ചങ്കരിയോട് ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കാൻ ആനത്തലവട്ടം വെല്ലുവിളിച്ചിരുന്നു. പിന്നാലെ തച്ചങ്കരിയുടെ നിർദ്ദേശപ്രകാരം മാനേജ്മെന്റ് നൽകിയ പരാതിയിൽ നാലു യൂണിയൻ നേതാക്കൾക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനടക്കമാണ് കേസ്.