സൂര്യനെല്ലിക്കടുത്ത് ആനയിറങ്കലില്‍ കൈയ്യേറ്റമെന്ന് തഹസീല്‍ദാര്‍ കണ്ടെത്തിയ ഭൂമിയില്‍ പത്തിലേറെ കോട്ടേജുകളുടെ നിര്‍മാണം നിര്‍ബാധം പുരോഗമിക്കുന്നു. മൂന്നുമാസം മുന്പ് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയ്ക്കും പുല്ലുവില. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

സൂര്യനെല്ലി കടന്ന് ഡാമിന്‍റെ വൃഷ്ടിപ്രദേശത്തുകൂടി വണ്ടിയോടിച്ചെത്താം ആനയിറങ്കലില്‍. കുന്നുകയറിച്ചെല്ലുമ്പോള്‍ കാണാം കൂറ്റന്‍ പാറയിടുക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന പത്തിലേറെ കോട്ടേജുകള്‍. ഒരുവശത്ത് മലയിടിച്ചാണ് നിര്‍മിതി.

ഇനി ഈ ഭൂമിയെപ്പറ്റി 2013 ലെ ഉടുമ്പന്‍ ചോല അഡീഷ്ണല്‍ തഹസീല്‍ദാരുടെ കണ്ടത്തല്‍ കൂടി കാണണം. ഒമ്പത് ഏക്കര്‍ 80 സെന്‍റില്‍ 50 സെന്‍റിന് മാത്രമാണ് പട്ടയമുള്ളത്.ബാക്കി വ്യാജം. ആ നമ്പരുകള്‍ 203/78, 187/77,121/77 എന്നിവയാണ് വ്യാജപട്ടയങ്ങള്‍. നടപടിയ്ക്കൊരുങ്ങിയ ഉടുമ്പന്‍ ചോല സര്‍വ്വയറെ ദേവികുളത്തേക്ക് സ്ഥലം മാറ്റി കൈയ്യേറ്റ മാഫിയ. മൂന്നുകൊല്ലത്തിനിപ്പുറം 2016ല്‍ വീണ്ടും ഒഴിപ്പിക്കാന്‍ തഹസീല്‍ ദാരുടെ ശ്രമം. കൈയ്യേറ്റക്കാര്‍ ഹൈക്കോടതിയെത്തി. പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയ്ക്ക് കോടതി നിര്‍ദ്ദേശം വന്നു. ഫയല്‍ പരിഗണനയ്ക്കിരിക്കെയാണ് സര്‍ക്കാര്‍ ഭൂമിയിലെ പാറപൊട്ടിച്ച് കോട്ടേജുയരുന്നത്. മൂന്നുമാസം മുമ്പ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നിട്ടും നിര്‍മാണം നിര്‍ബാധം തുടരുന്നു.