പോര്‍ട്ട് ബ്ലെയര്‍: ആന്‍റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശി കൊല്ലപ്പെട്ടു. പുറംലോകത്തുനിന്ന് പൂര്‍ണമായും അകന്ന് കഴിയുന്ന പുരാതന ഗോത്രവര്‍ഗ്ഗമാണ് ആന്‍റമാന്‍ ദ്വീപിലെ സെന്‍റിനെല്‍സില്‍ സുവിശേഷ വേലയ്ക്കെത്തിയതായിരുന്നു ജോണ്‍ അലന്‍ ചൗ.  ജോണ്‍ അലന്‍ ചൗവിനെ ഗോത്രവര്‍ഗക്കാര്‍ തന്നെ കൊലപ്പെടുത്തി മൃതദേഹം ബീച്ചില്‍തന്നെ കുഴിച്ചുമൂടുകയായിരുന്നു. മത്സ്യവും ചെറിയ സമ്മാനങ്ങളും നല്‍കി ഗോത്ര വര്‍ഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായിരുന്നു 26കാരനായ ജോണിന്‍റെ ശ്രമം. 

സുവിശേഷ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് ധാരാളം യാത്രകള്‍ ചെയ്തിട്ടുള്ള ആളാണ് ജോണ്‍. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ആന്‍റമാന്‍ ദ്വീപ് സമൂഹത്തിലെ സെന്‍റിനല്‍ ദ്വീപിലേക്കായിരുന്നു ഇത്തവണ ജോണിന്‍റെ യാത്ര. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് കഴിയുന്ന സെന്‍റിനല്‍സ് ഗോത്രവര്‍ഗം പുറം ലോകത്തുനിന്നുള്ളവരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാറില്ല. ഇവരോട് ഇടപഴകാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുകയാണ് പതിവ്.  ഇന്ത്യന്‍ നിയമപ്രകാരം സന്ദര്‍ശകര്‍ക്ക് വിലക്കുള്ള ദ്വീപുകൂടിയാണിത്. 

ഇതിനിടയിലാണ് ജോണ്‍ ഒരു ചെറു മത്സ്യബന്ധന ബോട്ടില്‍ ദ്വീപിലേക്ക് പോകുന്നത്. അവസാനമായി അമ്മയ്ക്കെഴുതിയ കുറിപ്പില്‍ ദ്വീപിലെത്തിയ ജോണ്‍ തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. താന്‍ സംസാരിക്കാന്‍ ശ്രമിക്കുകയും സ്തുതി ഗീതം പാടാന്‍ ആരംഭിക്കുകയും ചെയ്തതോടെ മുഖത്ത് മഞ്ഞ ചായം പുരട്ടിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷന്മാര്‍ തന്നെ ആക്രമിക്കാന്‍ വന്നുവെന്ന് ജോണ്‍ കുറിച്ചു. ''ഞാന്‍ ഉറക്കെ അലറി: എന്‍റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ക്രിസ്തുവും നിങ്ങളെ ഇഷ്ടപ്പെടുന്നു'' - ജോണ്‍ തന്‍റെ പ്രസിദ്ധീകരണത്തില്‍ എഴുതി. കൂട്ടത്തിലെ കുട്ടികളിലൊരാള്‍ തനിക്കെതിരെ അയച്ച അമ്പ് വെള്ളം നനയാത്ത തന്‍റെ ബൈബിളിലാണ് വന്ന് കൊണ്ടതെന്നും ജോണ്‍ കുറിച്ചു. 

''എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും.  എന്നാല്‍ ഈ ആളുകള്‍ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയിക്കുന്നത് വിലയേറിയ പ്രവര്‍ത്തിയാണെന്ന് ഞാന്‍ കരുതുന്നു'' എന്ന് ആവര്‍ത്തിച്ച് ജോണ്‍ മരണത്തിലേക്ക് നടക്കുകയായിരുന്നു. അവസാനമായി, നവംബര്‍ 16 ന് പ്രിയപ്പെട്ടവര്‍ക്ക് എഴുതിയ കുറിപ്പില്‍ 'ദൈവമേ എനിക്ക് മരിക്കേണ്ട' എന്ന് ജോണ്‍ കുറിച്ചിരുന്നു. തന്‍റെ ബോട്ട് ഗോത്രവര്‍ഗക്കാരുടെ കയ്യില്‍ അകപ്പെട്ടതിന് ശേഷമായിരുന്നു ആ കുറിപ്പ്. ''എന്തുകൊണ്ടാണ് ഇത്ര സുന്ദരമായ സ്ഥലത്ത് ഇത്ര മരണങ്ങള്‍ സംഭവിക്കുന്നത്'' എന്നായിരുന്നു ജോണ്‍ തന്‍റെ മരണത്തിന് തൊട്ടുമുമ്പ് കുറിച്ചത്. യാത്രകളുടെ തത്സമയ വിവരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു ജോണ്‍.  

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്, ജോണിന്‍റെ അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ ജോണിനെ ഗോത്രവര്‍ഗക്കാര്‍ ബീച്ചില്‍ അടക്കം ചെയ്യുന്നത് കണ്ടുവെന്ന് മീന്‍പിടുത്തക്കാര്‍ പറഞ്ഞതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തന്‍റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നായിരുന്നു ജോണിന്‍റെ അമ്മയുടെ പ്രതികരണം.  ''അവന്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മകനാണ്, സഹോദരനാണ്, സുഹൃത്താണ്. മറ്റുള്ളവര്‍ക്ക് ചൗ പ്രേക്ഷിതനാണ്, അന്താരാഷ്ട്ര ഫുട്ബോള്‍ കോച്ചാണ്, പര്‍വ്വതാരോഹകനാണ്, അവന്‍ ദൈവത്തേ സ്നേഹിച്ചു, മറ്റുള്ളവരെ കഷ്ടതകളില്‍ സഹായിക്കുമായിരുന്നു, സെന്‍റിനല്‍സുകളോട് സ്നേഹമായിരുന്നു'' - ബന്ധുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നാല് യാത്രകളാണ് ജോണ്‍ സുവിശേഷ വേലയുമായി ബന്ധപ്പെട്ട് ആന്‍റമാനിലേക്ക് നടത്തിയത്. 2015 ല്‍ ആയിരുന്നു ആദ്യത്തേത്. ഒക്ടോബറില്‍ പോര്‍ട്ട് ബ്ലെയറിലെത്തിയ ജോണ്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പണം നല്‍കി സെന്‍റിനല്‍ ദ്വീപില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോര്‍ട്ട് ബ്ലെയറില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രയെ കുറിച്ച് ആരോടും പറയരുതെന്നായിരുന്നു ജോണിന്‍റെ പദ്ധതി. അയാള്‍ക്ക് എന്ത് സംഭവിച്ചാലും സുഹൃത്തുക്കളെ അപകടത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് അയാള്‍ കരുതിയിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. 

മത്സ്യത്തൊഴിലാളികളും ജോണും നവംബര്‍ 14ന് അര്‍ദ്ധരാത്രിയോടെ ദ്വീപിലെത്തി.  പിറ്റേന്ന് കയാക്കുമായി ബീച്ചിലേക്ക് പോയ ജോണ്‍ സെന്‍റിനെല്‍സുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദ്വീപ് വാസികളുടെ ആക്രമണം. എന്നാല്‍ അവര്‍ തീ അമ്പുകള്‍ ജോണിനെതിരെ എയ്തുവിട്ടു. വെള്ളിയാഴ്ചയാണ് ജോണിനെ അവസാനമായി ജീവനോടെ കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസിനോട് വിശദമാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം ദ്വീപ് നിവാസികള്‍   ജോണിന്‍റെ മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതും അടക്കം ചെയ്യുന്നതുമാണ് കണ്ടെന്നും അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവിധ സംഘങ്ങളായി ഹെലികോപ്റ്ററിലെത്തി പരിശോധന നടത്തിയിരുന്നു. ജോണിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ സാഹചര്യവും അറിഞ്ഞിട്ടും യാത്രാ സംവിധാനം ഒരുക്കിക്കൊടുത്ത സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോണിനെ മരണത്തിന് വിട്ടുകൊടുക്കുകയാണ് അവര്‍ ചെയ്തതെന്ന് പൊലീസ് സംഭവത്തെ കുറിച്ച് പറഞ്ഞു. 

ആധുനിക സമൂഹത്തോട് പൊരുത്തപ്പെടാതെ പൂര്‍ണമായും കാടുകളില്‍ കഴിയുന്ന സെന്‍റിനല്‍സ് സര്‍ക്കാര്‍ സംവിധാനങ്ങളോട് പോലും സൗഹൃദപരമായ സമീപനം സ്വീകരിച്ചിട്ടില്ല. എത്ര സെന്‍റിനല്‍സ്, ഈ ദ്വീപില്‍ ഉണ്ടെന്ന് പോലും ഇതുവരെയും ആര്‍ക്കും അറിയില്ല. ഏറെ ദൂരെ നിന്ന് മാത്രമാണ് സെന്‍സസ് കണക്കെടുപ്പ് പോലും സാധ്യമായത്. ഇത് പ്രകാരം 100 ഓളം പേര്‍ മാത്രമാണ് ഇവിടെ ഉള്ളത്.