പ്യൂണായി ജോലിക്ക് കയറി രണ്ട് പ്രവാശ്യം ഉദ്യോഗകയറ്റം ലഭിച്ചിട്ടും സ്വീകരിച്ചില്ല
നെല്ലൂര്‍ : പ്യൂണായി ജോലിക്ക് കയറി രണ്ട് പ്രവാശ്യം ഉദ്യോഗകയറ്റം ലഭിച്ചിട്ടും സ്വീകരിച്ചില്ല. ഒടുവില്‍ പ്യൂണിന്‍റെ വീട് റെയ്ഡ് ചെയ്ത ഐടി ഉദ്യോഗസ്ഥര്‍ ഞെട്ടി. 55 വയസ്സുകാരനായ കരഡു നരസിംഹ റെഡ്ഡി എന്ന ഗതാഗത വകുപ്പിലെ പ്യൂണ്‍ ആണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. നെല്ലൂരിലെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ സഹായി ആയി കഴിഞ്ഞ 34 കൊല്ലമായി ഇയാള്‍ സര്‍ക്കാര്‍ സേവനം എടുക്കുന്നു.
തുടക്കത്തില്‍ 650 രൂപയായിരുന്നു ഇയാളുടെ തുടക്ക ശമ്പളം. 1984 ല്‍ ജോലി ആരംഭിച്ച ഇയാള്‍ക്ക് ഇതിനിടയില്‍ രണ്ടു തവണ ക്ലര്‍ക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ചിരുന്നുവെങ്കിലും അഴിമതി നടത്താനുള്ള സൗകര്യത്തിനായി നരസിംഹ റെഡ്ഡി പ്യൂണായി തന്നെ ജോലി തുടരുകയായിരുന്നു. നെല്ലൂരിലെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഏതു കാര്യങ്ങളും നടത്തുവാന്‍ വേണ്ട അഴിമതി പണങ്ങളും ഇയാളുടെ കൈകളിലൂടെയാണ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നത്.
നെല്ലൂരിലെ ഒരു ആഡംബര ഭവനത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് നഗരത്തില്‍ പലയിടത്തായി 12 വീടുകള്‍ വേറെയുമുണ്ട്. കൂടാതെ 50 ഏക്കര്‍ കൃഷിസ്ഥലത്തിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2 കിലോ സ്വര്‍ണ്ണം, 7.5 ലക്ഷം രൂപ എന്നിവയും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ആഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം കണ്ടുകെട്ടിയത്. ഒരു ദിവസം മുഴുവന്‍ നരസിംഹ റെഡ്ഡിയുടെ വീട്ടില്‍ ചിലവഴിച്ചാണ് അധികൃതര്‍ ഈ സ്വത്തുക്കള്‍ അളന്ന് തിട്ടപ്പെടുത്തിയത്. 2023 ല്‍ വിരമിക്കാനിരിക്കെയാണ് ഇയാള്‍ അഴിമതി കേസില്‍ പിടിയിലാവുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ ഇന്‍കം ടാക്‌സ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവാഴ്ച രാവിലെ മുതലാണ് ഇയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.
