തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച റിമാൻഡ് പ്രതി അനീഷിന്‍റെ മൃതദേഹം ആറാം ദിവസവും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. ശരിയായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയെങ്കിലും ദുരൂഹത തുടരുന്നുവെന്ന നിലപാടിലാണ് ബന്ധുക്കള്‍. പാറശാല എംഎൽഎ ഹരീന്ദ്രനൊപ്പം ബന്ധുക്കൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നും അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

എന്നാല്‍, അനീഷിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ലഹരികടത്താരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കളിയിക്കാവിളയിൽ നാളെ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം ഭാവി നടപടികള്‍ തീരുമാനിക്കും.

ആശുപത്രിയിലെ തടവുപുള്ളികളുടെ മുറിയിലെ കുളിമുറുടെ ജനലിൽ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങി നിൽക്കുന്ന നിലയിലയിരുന്നു അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പല ഇടത്തും മുറിവകളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, വ്യക്തമായി കാണാമായിരുന്ന മുതുകിലേയും അടിയവറ്റിലേയും പരിക്കുകൾ പോലും പോസ്റ്റ്മോട്ടം റിപ്പോർട്ടിൽ ഇല്ലെന്നും വിവിധ രാഷ്ട്രിയ പാർട്ടികൾക്ക് ഒപ്പം കളയിക്കാവിളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബന്ധുക്കൾ ആരോപിച്ചിരുന്നു.