അങ്കമാലി ഡയറീസ് താരങ്ങള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുപരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജ്. എന്നാല്‍ നിയമലംഘംനം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെതിന് മൂവാറ്റുപുഴ ഡിവൈ എസിപിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ഇതിനിടെ പൊലീസ് അപമാനിച്ചെന്നാരോപിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി.

വിന്‍ഡോ ഗ്ലാസില്‍ സ്റ്റിക്കറൊട്ടിച്ച് സിനിമ പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് താരങ്ങളെയാണ് മൂവാറ്റുപുഴ ഡിവൈ എസ് പി കഴിഞ്ഞ ദിവസം തടഞ്ഞു പരിശോധിച്ചത്. എന്നാല്‍ പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജ് അറിയിച്ചു. നിയമലംഘനം ശ്രദ്ധിയില്‍പ്പെട്ടതുകൊണ്ടാണ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. വാഹനത്തിനുളളില്‍ ആരാണുളളതെന്നതോ എത്രപേരുണ്ടെന്നോ പോലും അറിയാന്‍ വയ്യാത്ത നിലയിലായിരുന്നു. എന്നാല്‍ നിയമലംഘനം കണ്ടിട്ടും നടപടിയെടുക്കാത്തതിന് മൂവാറ്റുപുഴ ഡിവൈഎസിപിയുടെ വിശദീകരണവും തേടിയിട്ടുണ്ട്. പരിശോധനയ്‍ക്കുശേഷം നടപടികൂടാതെ വിട്ടയച്ചത് ശരിയായില്ല എന്നതാണ ഉന്നത ഉദ്യോഗസ്ഥ നിലപാട്. ഇതിനിടെ പൊലീസ് നടുറോഡില്‍ വെച്ച് അപമാനിച്ചെന്നാരോപിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി.

ഉള്‍വശം കാണാത്തവിധം പരസ്യ സ്റ്റിക്കറൊട്ടിച്ച് നിരത്തിലിറങ്ങിയതിന് അങ്കമാലി ഡയറീസിന്‍റെ ഇതേ വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പും പിടൂകൂടി പിഴ ഈടാക്കിയിരുന്നു.