കണ്ണൂര്‍: എച്ച്.ഐ.വി ബാധിതയാണെന്ന പേരിൽ കണ്ണൂരിൽ അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക്. കണ്ണൂർ മയ്യിൽ സ്വദേശിനിയാണ് നാട്ടുകാരുടെ വിലക്ക് കാരണം ജീവിതം വഴിമുട്ടി നിൽക്കുന്നത്. ജോലി ചെയ്യുന്ന അംഗനവാടിയിലേക്ക് കുട്ടികളെ വിടാൻപോലും നാട്ടുകാർ മടിക്കുമ്പോൾ വിഷയത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് അധികൃതരും.

രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇവരിൽ നിന്ന അകന്ന് കഴിയുന്ന ഭർത്താവിന് എച്ച്ഐവി സ്ഥീരീകരിച്ചത്. ഇതോടെയാണ് ഇവരും എച്ച് ഐ വി ബാധിതതയാണ് എന്ന ആരോപണം നാട്ടിൽ പരന്നതും ഒറ്റപ്പെടുത്തൽ തുടങ്ങിയതും. ഏട്ടുമാസത്തോളം ജോലിയിൽ നിന്നു മാറി നിൽക്കേണ്ട അവസ്ഥയിൽ വരെ എത്തി കാര്യങ്ങൾ.

ജോലിയിൽ തിരിച്ച് എത്തിയിട്ടും നാട്ടുകാരുടെ ബഹിഷ്ക്കരണം തുടരുന്നതിനാൽ അംഗനവാടിയിൽ ഇപ്പോൾ ഒരു കുട്ടി പോലും പഠനത്തിനായി എത്തുന്നില്ല. ജോലി ചെയ്യാൻ തടസമില്ലെന്ന ഡി.എം.ഒയുടെ സാക്ഷ്യപത്രം വരെ ഉണ്ടായിരിക്കെയാണ് ഈയവസ്ഥ. വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ടെങ്കിലും കാര്യങ്ങൾ പഴയപടി തന്നെയാണ്. 

ചില ബോധവൽക്കരണ ക്യാമ്പുകൾ നടത്തിയതൊഴിച്ചാൽ കാര്യമായ നടപടികൾ ആരോഗ്യവകുപ്പിൽ നിന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. അടിയന്തിരമായ ഇടപെടൽ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടത്തേണ്ടിയിരിക്കുന്നുവെന്നും രോഗത്തിന്റെ പേരിൽ ഒരാൾ ഒറ്റപ്പെടുന്ന രീതി ഇനിയും തുടരാനിടവരുത്തരുതെന്നുമാണ് അംഗനവാടി ജീവനക്കാരിയുടെ ആവശ്യം.