പുതുതായി പ്രഖ്യാപിക്കുന്ന ട്രെയിനുകള്‍ക്കൊന്നും കാസര്‍ഗോഡ് സ്‌റ്റോപ്പില്ല
കാസർഗോഡ്: കാസർഗോഡ് ജില്ലയോടുള്ള റയിൽവേയുടെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യാത്രക്കാർ ഏറെയുണ്ടായിട്ടും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിലാണ് പൊതുജനങ്ങളിൽ അമർഷം ഉയരുന്നത്.
ട്രെയിനുകളേറെ കടന്ന് പോകുന്നുണ്ടെങ്കിലും ഭൂരിപക്ഷവും കാസർഗോഡുകാർക്ക് ഉപകാരപ്പെടാറില്ലെന്നതാണ് വാസ്തവം. രാജധാനിയടക്കം നിലവിൽ അഞ്ച് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. പുതുതായി സർവീസ് തുടങ്ങിയ അന്ത്യോദയ എക്സ്പ്രസും കാസർഗോഡ് നിർത്തുന്നില്ല. ഇതോടെയാണ് കാസർഗോട്ട് പ്രതിഷേധം ശക്തമായത്.
തിരുവന്തന്തപുരത്തേക്ക് രാവിലെ എട്ടുമണിക്കുള്ള ഏറനാട് എക്സ്പ്രസ്സ് പോയാൽ അടുത്ത ട്രെയിനിന് ഏഴര മണിക്കൂർ കാത്തിരിക്കണം. അതും കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് മാവേലിയെത്തുന്നത്.
കണ്ണൂർ വരെ സർവീസ് നടത്തുന്ന ഇന്റർസിറ്റി, എക്ലിക്യൂട്ടീവ്, ശതാബ്ദി ട്രെയിനുകൾ കാസർകോടേക്ക് നീട്ടണമെന്ന ദീർഘകാലത്തെ ആവശ്യം ഇതുവരെയും റെയിൽവേ പരിഗണിച്ചിട്ടില്ല. പുതുതായി പ്രഖ്യാപിക്കുന്ന ട്രെയിനുകൾക്കൊന്നും കാസർഗോഡ് സ്റ്റോപ്പില്ലാത്ത സാഹചര്യത്തിൽ മുഴുവൻ രാഷ്ട്രീയപാർട്ടികളേയും ചേർത്ത് ബഹുജനപ്രക്ഷോഭം ശക്തമാക്കാനാണ് ആലോചന.
