ഇന്ത്യോനേഷ്യയിലെ  കിഴക്കന്‍ പ്രവിശ്യയായ വെസ്റ്റ്പാപുവയിലെ സോറോംഗ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്

ജക്കാര്‍ത്ത: മുതലഫാമിലെ ജീവനക്കാരന്‍ മുതലകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട പ്രകോപനത്തില്‍ നാട്ടുകാര്‍ ചെയ്തത് അസാധാരണമായ പ്രതികാരം. ഇന്ത്യോനേഷ്യയിലെ കിഴക്കന്‍ പ്രവിശ്യയായ വെസ്റ്റ്പാപുവയിലെ സോറോംഗ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഫാമിലുണ്ടായിരുന്ന 300 ലധികം മുതലക്കുഞ്ഞുങ്ങളെ നാട്ടുകാര്‍ കൊന്നൊടുക്കി. 

ചത്ത മുതലകളുടെ ശരീരഭാഗങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം മുതല ഫാമില്‍ തീറ്റയെടുക്കാന്‍ കയറിയ 48 കാരനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതായി ഇന്തോനേഷ്യ നാച്യൂറല്‍ റിസോഴ്‌സസ് കണ്‍സര്‍വേഷന്‍ ഏജന്‍സി തലവന്‍ ബാസര്‍ മാനുല്ലാംഗ് പറഞ്ഞിരുന്നു. ശനിയാഴ്ച ഇയാളുടെ സംസ്‌ക്കാര ചടങ്ങ് നടത്തിയതിന് പിന്നാലെ രോഷത്തോടെ ഫാമിലേക്ക് കയറിയ ഗ്രാമീണര്‍ ഫാമിലുണ്ടായിരുന്ന മുഴുവന്‍ മുതലകളെയും കൊന്നു.

കത്തികൊണ്ടു കുത്തിയും ചുറ്റികയ്ക്ക് തല്ലിച്ചതച്ചും ദണ്ഡിന് അടിച്ചുമെല്ലാമാണ് മുതലകളെ ഇല്ലാതാക്കിയത്. മുതലയെ വളര്‍ത്താന്‍ ലൈസന്‍സുള്ള ഫാമില്‍ 2013 മുതല്‍ ഉപ്പുവെള്ളം കയറ്റിയ പ്രത്യേക കുളത്തില്‍ ന്യൂ ഗിനിയന്‍ മുതലകളെ വളര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ മനുഷ്യരെ ആക്രമിക്കുകയോ ഗ്രാമീണര്‍ക്ക് കുഴപ്പമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. 

അതേസമയം മുതലകളും ദൈവ സൃഷ്ടിയായതിനാല്‍ അതും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇന്തോനേഷ്യന്‍ നാച്യൂറല്‍ റിസോഴ്‌സസ് കണ്‍സര്‍വേഷന്‍ ഏജന്‍സി തലവന്‍ ബാസര്‍ മനുലാംഗ് പറയുന്നത്. എന്നാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ലൈസന്‍സ് നേടിയിരിക്കുന്ന ഫാം ഉടമകള്‍ ചുറ്റുപാടുകള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.