കാസര്‍കോട്: സി.ആര്‍ അനിലിന് വയസ് 38. അവിവാഹിതന്‍. ആരോഗ്യമുള്ള ചെറുപ്പക്കാരന്‍. രണ്ടുമാസം മുന്‍പ് വരെ കാസര്‍കോട് മാലോം ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ പക്ഷേ ഇപ്പോള്‍ വലത് കാല്‍പാദം ഇല്ല. വൈകാതെ ഇടത് കാല്‍പാദവും നഷ്ടമായേക്കാം. ഒരിക്കല്‍ പോലും സിഗററ്റ് വലിക്കാത്ത അനിലിന്, പക്ഷേ നിക്കാട്ടിന്‍ ശരീരത്തിലടഞ്ഞ് ഉണ്ടാകുന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ്. കാലിലേക്കുള്ള രക്ത കുഴലുകളുടെ പ്രവര്‍ത്തനം നിലക്കുന്ന അപ്പൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം.
അഞ്ച് വര്‍ഷമായി കാല്‍പാദ വേദന സഹിച്ചും നിത്യ ജീവിതത്തിനായി ഓട്ടോ ഓടിച്ചിരുന്ന അനില്‍ വേദന അസഹ്യമായപ്പോള്‍ വലത് കാല്‍ മുറിച്ചു മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. രണ്ടുമാസം മുന്‍പ് വലതുകാല്‍ മുറിച്ചുമാറ്റിയ അനിലിന്റെ കാലുകളിലേക്കുള്ള രക്ത സഞ്ചാരം ഇപ്പോഴും നടക്കുന്നത് വീട്ടിലെ മുറിയില്‍ ഒരുക്കിയ കൃത്രിമ സംവിധാനം വഴിയാണ്. അതും വൈദ്യുതിയില്‍. മലമുകളിലേക്കുള്ള വീട്ടില്‍ ഒരുദിവസം വൈദ്യുതി എത്തിയില്ലെങ്കില്‍ അമ്മയുടെ മടിയില്‍ കിടന്ന് വേദന കടിച്ചമര്‍ത്തുവാനേ അനിലിന് കഴിയൂ. വലതുകാല്‍ വേദന ഇടത് കാലിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടുമാസമായി അനിലിന് ഉറക്കം നഷ്ടമായി. കാല്‍ നീട്ടിവച്ചു കിടക്കാന്‍ പറ്റാത്തതിനാല്‍ ഭിത്തിയോട് ചേര്‍ത്ത് വച്ച തലയിണയില്‍ ചാരി കിടക്കാനേ ഈ യുവാവിന് സാധിക്കൂ. മലമൂത്ര വിസര്‍ജനം വരെ മുറിയില്‍ തന്നെ.
ബളാല്‍ ഗ്രാമപഞ്ചായത്തിലെ പുല്ലടിയിലെ പരേതനായ രാമചന്ദ്രന്‍ നായരുടെയും സുമതി അമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനാണ് അനില്‍. ഡിഗ്രി വിദ്യാഭ്യാസമുള്ള അനില്‍ ചെറുപ്പം തൊട്ടേ ക്രിക്കറ്റ് കളിയും വോളിബോള്‍ കളിയുമായി നാട്ടിലെയും വീട്ടിലെയും മിന്നും താരമായിരുന്നു. ജീവിതം ചോദ്യവുമായി മുന്നില്‍ നിന്നപ്പോള്‍ അനിലിന് ഖത്തറിലേക്ക് വിമാനം കയറേണ്ടി വന്നു. നീണ്ട നാല് വര്‍ഷത്തിന് ശേഷം ഗള്‍ഫില്‍ നിന്നും അനില്‍ നാട്ടിലേക്ക് വന്നു. ഗള്‍ഫിലേക്ക് ലുലു ഗ്രുപ്പ് കമ്പനി ആളെ എടുക്കുന്ന പരസ്യം കണ്ട് തൃശൂരില്‍ യൂസഫലിയുടെ വീട്ടിലേക്ക് ഇന്റര്‍വ്യൂവിന് പോകവേയാണ് അനിലിന് ആദ്യമായി കാല്‍വേദന അനുഭവപ്പെട്ടത്.
വേദന സഹിക്കാന്‍ കഴിയാതെ ട്രൈനില്‍ കാല്‍ തളര്‍ന്നു വീണ അനിലിനെ സഹയാത്രക്കാര്‍ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. ലുലു ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയ അനില്‍ കാല്‍വേദനക്ക് ആദ്യം ആയുര്‍വേദ ചികിത്സ തേടി. വേദനക്ക് കുറവ് വന്നതോടെയാണ് ഓട്ടോ റിക്ഷാ ഡ്രൈവറായത്. എന്നാല്‍ വൈദ്യശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ സാധിക്കാത്ത അപൂര്‍വ്വരോഗം ഈ യുവാവിന്റെ കാലുകളെ വേട്ടയാടി തുടങ്ങിയിരുന്നു.
നിരവധി ആശുപത്രികള്‍ ഒടുവില്‍ എല്ലാവരും കൈവെടിഞ്ഞപ്പോള്‍ ഷിമോഗയിലെ സഹ്യാദ്രി നാരായണ ആശുപത്രിയിലെത്തിയ അനിലിന് ഒരു കാല്‍ മുറിക്കേണ്ടി വന്നു. മുറിച്ചു മാറ്റിയ കാലിന്റെ ലേക്കുള്ള രക്തസഞ്ചാരം ഇപ്പോള്‍ വൈദ്യതിയിലും ഘടിപ്പിച്ച യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ഇതുവരെ അഞ്ച് ലക്ഷം രൂപയോളം ചികിത്സക്കായി വേണ്ടിവന്നു. കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും മകനെ ചികിത്സിക്കുന്നതിനിടെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് മരിച്ചു. രാമചന്ദ്രന്‍ നായര്‍ മരിക്കുമ്പോള്‍ അനില്‍ ഷിമോഹയില്‍ ചികിത്സയിലായിരുന്നു.
ഇപ്പോള്‍ വേദന ഇടതുകാലിലേക്കും കയറിത്തുടങ്ങി. ഇടത് കാലിലേക്കുള്ള രക്തയോട്ടവും നിലച്ചമട്ടാണ്. കറുത്തനിറമായി മാറിയ ഇടതുകാലും അനിലിന് ചിലപ്പോള്‍ നഷ്ടമായേക്കും. ഒരു കാലെങ്കിലും ഈ യുവാവിന് നില നിര്‍ത്തണമെങ്കില്‍ അതിന് അലിവുള്ള മനസുകളും വേണം. കാരണം അനിലിന്റെ വീട്ടില്‍ ഡോക്ടര്‍മാര്‍ ഒരുക്കിയ വാക്‌മെഷ്യന് ആറ് ദിവസത്തേക്ക് 15,000 രൂപയാണ് വാടക. ആഴ്ചയില്‍ കാല്‍ അഴിച്ചു കെട്ടണം. ഇതിനായി ആശുപത്രിയിലേക്ക് പോകാന്‍ തന്നെ വലിയതുക വേറെയും വേണം. അനിലിന്റെ സഹോദരന്‍ ഡ്രൈവര്‍ ജോലി എടുത്തും കടം വാങ്ങിയും മറ്റുമാണ് കാര്യങ്ങള്‍ നടത്തുന്നത്.
അനിലിന്റെ ജീവിതോപാധിയായിരുന്ന ഓട്ടോറിക്ഷയും ചികിത്സക്ക് വേണ്ടി വില്‍ക്കേണ്ടി വന്നു. നാട്ടുകാരും മാലോത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തങ്ങളാല്‍ കഴിയും വിധം അനിലിനെ സഹായിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ വിദഗ്ധ ചികിത്സ നടത്തിയാല്‍ അനിലിന്റെ ഇടത് കാല്‍ നിലനിര്‍ത്താനാകുമെന്ന് അനിലിനെ ചികില്‍സിക്കുന്ന ഡോക്ടര്‍ ശ്രീഷ റാവു പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ഭീമനടി ശഖയിലെ അനിലിന്റെ അക്കൗണ്ട് നമ്പര്‍ 10790100163587, ഐഎഫ്എസ്സി കോഡ്: FDRL0001079.
