Asianet News MalayalamAsianet News Malayalam

ബേക്കറി പലഹാരങ്ങളില്‍ ചേര്‍ക്കുന്നത് അറവ് മാലിന്യങ്ങളില്‍ നിന്ന് എടുക്കുന്ന, ക്യാന്‍സര്‍ വരെയുണ്ടാക്കുന്ന മൃഗക്കൊഴുപ്പ്

animal fat used to make bakery food items
Author
First Published Dec 15, 2016, 5:26 AM IST

കൊല്ലം ചവറ പാലത്തിനടിയിലുള്ള ഒരു കേന്ദ്രത്തിലാണ് മൃഗക്കൊഴുപ്പുണ്ടാക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. വിവിധ ഇടങ്ങളില്‍ നിന്നും അതിരാവിലെ  തന്നെ ഇറച്ചി മാലിന്യം വാഹനങ്ങളില്‍ ഇവിടെ എത്തിക്കും. പിന്നെ സമീപത്തുള്ള ജലാശയത്തില്‍ ഇവ കൂട്ടിയിട്ട് കഴുകും. അസഹനീയമായ ദുര്‍ഗന്ധമാണ് ഈ പ്രദേശത്തെല്ലാം .ഇറച്ചിമാലിന്യം തിളപ്പിച്ച് ഉരുക്കുന്നതിനായുള്ള വലിയ പാത്രങ്ങളും മറ്റും ഈ കേന്ദ്രത്തിനകത്തുണ്ട്. ഇവിടെ ഉണ്ടാക്കുന്ന മൃഗക്കൊഴുപ്പ് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയാന്‍ ഞങ്ങള്‍ സ്ഥലം നിരീക്ഷിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെത്തിയപ്പോള്‍ അദ്ദേഹത്തെയും ഞങ്ങള്‍ പിന്തുടര്‍ന്നു.

വാഹനത്തില്‍ കയറ്റി മൃഗക്കൊഴുപ്പ് കൊല്ലത്തെ പ്രധാനപ്പെട്ട രണ്ട് ബേക്കറികളിലേക്കാണ് കൊണ്ടുപോയത്.. പഫ്‍സ് പോലുള്ള ചുട്ടെടുക്കുന്ന പലഹാരങ്ങളുണ്ടാക്കുന്ന സ്ഥലത്താണ് ഇവ എത്തിക്കുന്നത്. ഒരു കൂസലുമില്ലാതെ ബേക്കറിയുടമ മൃഗക്കൊഴുപ്പ് വാങ്ങി വെച്ചു. ബേക്കറിക്കാരെന്ന് പറഞ്ഞ് സമീപിച്ചപ്പോള്‍ ഞങ്ങള്‍ക്കും 15 കിലോ മൃഗക്കൊഴുപ്പ് കിട്ടി. പഫ്‍സിലും മറ്റും ചേര്‍ക്കാനാണെന്ന് പറഞ്ഞപ്പോള്‍ ഇത് തന്നെയാണ് ചേര്‍ക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റ ഉപദേശം. കുറഞ്ഞ വിലയ്‌ക്കാണ് ഇത് കടകള്‍ക്ക് ലഭിക്കുന്നത്. നിലവാരം കുറഞ്ഞ ചില അലക്ക് സോപ്പുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കാറുണ്ട്. പക്ഷേ നെയ്യും ഡാള്‍ഡയും ചേര്‍ത്തുണ്ടാക്കുന്ന, പഫ്‍സ് പോലെ ചുട്ടെടുക്കുന്ന പലഹാരം വിലക്കുറച്ച് വില്‍ക്കുന്നതിനായാണ് ചില ബേക്കറികള്‍ ഈ കൃത്രിമം കാണിക്കുന്നത്. കൊള്ളലാഭമാണ് ഇത്തരക്കാരുടെ ലക്ഷ്യം..

ഇത്തരത്തില്‍ വൃത്തിഹീനമായി തയ്യാറാക്കുന്ന കൊഴുപ്പ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് വയറിളക്കം പോലുള്ള ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും മൃഗക്കൊഴുപ്പ് വീണ്ടും ഉരുക്കി പലഹാരങ്ങളില്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ വരെ ഉണ്ടാക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്‌ക്കായി മൃഗക്കൊഴുപ്പ് ഞങ്ങള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി.  അഞ്ച് ലക്ഷം രൂപ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു. നാട്ടിലുള്ള എല്ലാ ബേക്കറിക്കാരും ഈ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുവെന്നല്ല ഞങ്ങള്‍ പറയുന്നത്. പക്ഷേ ചിലരെങ്കിലും കൊള്ളലാഭത്തിനായി മനുഷ്യജീവനെ വച്ച് പന്താടുന്നുണ്ട്. അധികൃതരുടെ ഒത്താശയില്ലാതെ ഇതൊന്നും നടക്കില്ല എന്നും ഉറപ്പാണ്.
റിപ്പോര്‍ട്ട്: ആര്‍.പി വിനോദ്

Follow Us:
Download App:
  • android
  • ios