മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. 

മലപ്പുറം: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാത്ത പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്‍റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. കുഞ്ഞാലിക്കുട്ടി സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ഐഎന്‍എല്‍ ആരോപിക്കുന്നു. രാവിലെ 10 മണിക്ക് കാരത്തോട് നിന്നാണ് പ്രകടനം തുടങ്ങുക. 

അതേസമയം, മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടു നിന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. അസൗകര്യങ്ങൾ ആർക്കും സംഭവിക്കാവുന്നതാണെന്നും വിവാദമുണ്ടാക്കിയവർക്ക് നല്ല ഉദ്ദേശ്യമല്ലെന്നും ഇ ടി പറ‌ഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെന്‍റില്‍ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വിശദമാക്കി.

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുത്തലാഖ് ചര്‍ച്ച ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റി. ഇ ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു. പാര്‍ട്ടിപരമായും വിദേശയാത്രാപരമായും അത്യാവശ്യം ഉളളതിനാല്‍ ഹാജരായില്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.