അക്കാദമിയില്‍ നിന്ന് വിളിച്ചപ്പോള്‍ തനിക്ക് ശമ്പളം ലഭിച്ചിട്ടില്ല, അത് കൊണ്ട് ബസുമായി പോകുന്നുവെന്നാണ് മറുപടി നല്‍കിയത്

ഗുരുഗ്രാം: ശമ്പളം കൊടുക്കാന്‍ രണ്ട് ദിവസം വെെകിയതിന്‍റെ ദേഷ്യത്തില്‍ ഡ്രെെവര്‍ ബസുമായി കടന്നു. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ സ്വകാര്യ സ്പോര്‍ട്സ് അക്കാദമിയിലെ ബസുമായാണ് ഡ്രെെവര്‍ പോയത്. അക്കാദമി നല്‍കിയ പരാതിയില്‍ സതീഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കാമ്പസില്‍ നിന്ന് വിദ്യാര്‍ഥികളുമായി വെള്ളിയാഴ്ച പോയ ഡ്രെെവര്‍ പിന്നീട് മടങ്ങിയെത്തിയില്ല. അക്കാദമിയില്‍ നിന്ന് വിളിച്ചപ്പോള്‍ തനിക്ക് ശമ്പളം ലഭിച്ചിട്ടില്ല, അത് കൊണ്ട് ബസുമായി പോകുന്നുവെന്നാണ് മറുപടി നല്‍കിയത്.

സതീഷ് ബസ് അക്കാദമിയിലേക്ക് എത്തിക്കാതെ വീട്ടിലേക്ക് കൊണ്ട് പോയെന്നാണ് അക്കാദമി മാനേജര്‍ നല്‍കിയിരിക്കുന്ന പരാതി. ശമ്പളം രണ്ട് ദിവസം മാത്രമാണ് വെെകിയതെന്നും പരാതിയില്‍ പറയുന്നു. വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സതീശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.