ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന ശശികലയെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീല്‍ ശെല്‍വം നീക്കം തുടങ്ങി. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട് സംരക്ഷിത സ്മാരകമാക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച ഔദ്ദ്യോഗികമായി മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയമായ നീക്കങ്ങള്‍ ഇരുഭാഗത്ത് നിന്നും ശക്തമാവുകയാണിപ്പോള്‍.
എന്നാല്‍ ഇതിന് നിയമപരമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. വീട് ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം ഇത് സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വരും. ജയലളിതക്ക് മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയും. സമാനമായ നിലയില്‍ എം.ജി.ആറിന്റെ വീട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ പേരില്‍ എം.ജി.ആറിന്റെ ബന്ധുക്കള്‍ കോടതിയില്‍ കേസ് നടത്തുന്നുണ്ട്. കാവല്‍ മുഖ്യമന്ത്രിയെന്ന അധികാരം ഉപയോഗിച്ച് ശശികലക്കെതിരെ പരമാവധി നീക്കങ്ങള്‍ നടത്താനാണ് പനീര്‍ ശെല്‍വത്തിന്റെ നീക്കം.
