Asianet News MalayalamAsianet News Malayalam

അണ്ണാ ഡി.എം.കെയില്‍ വീണ്ടും കരുനീക്കങ്ങള്‍ സജീവം; ദിനകരന്‍ ഇന്ന് ചുമതലയിലേക്ക്

another critical move in ADMK
Author
First Published Aug 5, 2017, 7:21 AM IST

അണ്ണാ ഡി.എം.കെ അമ്മാ പാർട്ടിയിൽ ആധിപത്യമുറപ്പിയ്ക്കാൻ ടിടിവി ദിനകരന്റെ നീക്കം. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ ദിനകരൻ ഇന്ന് ചുമതലയിൽ തിരികെ പ്രവേശിക്കും. തന്റെ അനുയായികൾക്കായി പുതിയ 44 തസ്തികകൾ കഴിഞ്ഞ ദിവസം ടി.ടി.വി ദിനകരൻ സൃഷ്ടിച്ചിരുന്നു.

ടിടിവി ദിനകരന്റേത് തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ പാർട്ടി ഭാരവാഹികളെ ആരെയും ഒഴിവാക്കാതെ പുതിയ 44 തസ്തികകൾ സൃഷ്ടിച്ച് തന്റെ അനുയായികൾക്ക് പാർട്ടിയിൽ കൂടുതൽ സ്ഥാനം നൽകുകയാണ് ദിനകരൻ. ഓർഗനൈസിംഗ് സെക്രട്ടറിമാരായി മാത്രം 18 പേരെയാണ് നിയമിച്ചിരിയ്ക്കുന്നത്. മണ്ണാർഗുഡി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരിയ്ക്കൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തിൽ ബാലാജിയ്ക്കും, അനുയായികളായ പളനിയപ്പനും നാഞ്ചിൽ സമ്പത്തിനും പുതിയ പദവികൾ ലഭിച്ചു. പാർട്ടിയിൽ നിന്ന് മാറി നിന്ന രണ്ട് മാസക്കാലാവധിയ്ക്ക് ശേഷവും ഒ.പി.എസ് പക്ഷവുമായുള്ള ലയനം നടക്കാത്തതിനാൽ ചുമതലയിൽ തിരികെ പ്രവേശിയ്ക്കുന്നുവെന്ന് ദിനകരൻ.

പാർട്ടിയെ ഒന്നിപ്പിയ്ക്കാനുള്ള ചർച്ചകൾ തന്റെ നേതൃത്വത്തിൽ നടന്നുവരികയാണെന്നും ഒക്ടോബറിനുള്ളിൽ ഒരു നല്ല വാർത്ത പ്രതീക്ഷിയ്ക്കാമെന്നും ദിനകരൻ അവകാശപ്പെടുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന എം.ജി.ആർ ശതാബ്ദി ആഘോഷങ്ങൾക്ക് സമാന്തരമായി ദിനകരനും സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ്. ആഗസ്ത് 14 ന് മേലൂരിലാകും ദിനകരന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിന് ശേഷമുള്ള ആദ്യ പൊതുപരിപാടി. ദിനകരൻ സ്ഥാനമേറ്റെടുക്കാനൊരുങ്ങുന്നതിന് മുൻപേ പാർട്ടി ആസ്ഥാനത്ത് യോഗം വിളിച്ച് അധികാരമുറപ്പിയ്ക്കാൻ ശ്രമിച്ച എടപ്പാടി പളനിസ്വാമി, ദിനകരന്റെ പുതിയ നീക്കത്തോട് എങ്ങനെ പ്രതികരിയ്ക്കുമെന്നതാണ് ശ്രദ്ധേയം. 

Follow Us:
Download App:
  • android
  • ios