കോഴിക്കോട്: വിമര്‍ശനങ്ങള്‍ക്കിടെ വീണ്ടും യുഎപിയെ ചുമത്തി പൊലീസ്, കോഴിക്കോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് യുഎപിഎ ചുമത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റ മൃതദേഹം വിട്ടുകിട്ടാനുളള നടപടികളുമായി സഹകരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ രജീഷ് കൊല്ലക്കണ്ടിക്കെതിരെയാണ് ഇപ്പോള്‍ യുഎപിഎ ചുമത്തിയിരിക്കുന്നത്. 

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ കൂടിയാണ് രജീഷ് കൊല്ലക്കണ്ടി. രാഷ്ട്രീയ പ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ കേസ്. വയനാട് വെള്ളമുണ്ട, തലപ്പുഴ എന്നീ പൊലീസ് സ്‌റ്റേഷനുകളിലാണ് യുഎപിഎ ചുമത്തി രജീഷിനെതിരെ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയന്‍ വ്യക്തമാക്കി 24 മണിക്കൂര്‍ പിന്നിടും മുമ്പാാണ് പുതിയതായി ഒരു യുഎപിഎ കേസ് കൂടി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.