ടെഹ്റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 10 പേരാണ്. രാജ്യത്തെ ജീവിത നിലവാരത്തകര്‍ച്ചയില്‍ വ്യാഴാഴ്‌ച്ചയാണ് പല ഭാഗങ്ങളിലായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വരം കടുപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തി.

പ്രതിഷേധത്തിനിടയില്‍ ഒരു തരത്തിലുള്ള അക്രമവും അനുവദിക്കുകയില്ലെന്ന് റുഹാനി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ഇറാനിലെ ജനത അടിച്ചമര്‍ത്തപ്പെടുന്നെന്നും മാറ്റത്തിന് സമയമായെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് നൂറുകണക്കിന് പേര്‍ എംഗ്ലേബ് സ്ക്വയറിൽ തടിച്ചുകൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കെര്‍മന്‍ഷായിലും കൊറാമാബാദിലും സഞ്ജാനിലും പ്രതിഷേധം അരങ്ങേറി. ഇസേ പട്ടണത്തിലും ഡോറണ്ടിലും വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മറ്റ് ചെറുപട്ടണങ്ങളിലും പ്രതിഷേധം തുടരുകയാണ്.