കുവൈത്ത്: തീവ്രവാദ സംഘടനയായ ഐഎസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യകക്ഷികളുടെ അടുത്ത ഉന്നതതല യോഗം ഫെബ്രുവരി 13ന് കുവൈത്തില്‍. വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തിനാണ് കുവൈത്ത് വേദിയാകുന്നതെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജാറള്ളാഹ് വ്യക്തമാക്കി. ഉന്നതതല യോഗം ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഐഎസിനെതിരെ സിറിയയിലും ഇറാക്കിലും സഖ്യസേനയുടെ നേട്ടങ്ങള്‍ പ്രശംസനീയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ എല്ലാ രാജ്യങ്ങളുടെയും കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 74 രാജ്യങ്ങളില്‍നിന്നുള്ള ശക്തരായ സൈനിക വ്യൂഹങ്ങളാണ് പങ്കെടുക്കുന്നത്. 

തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ തകര്‍ന്ന ഇറാക്കിന്റെ പുനഃരുദ്ധാരണത്തിന് അടുത്ത മാസം 12 മുതല്‍ 14 വരെ കുവൈത്തില്‍ ഇറാഖ് സഹായ ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്. 70 രാജ്യങ്ങളിലെ പ്രതിനിധികളാവും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് ഇറാഖ് സംഘം മേധാവിയുമായ മഹ്ദി അല്‍ അല്ലാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭ, ലോകബാങ്ക് തുടങ്ങിയ അന്തര്‍ദേശീയ സംഘടന പ്രതിനിധികളും പങ്കെടുക്കും.