ദോഹ: ഖത്തറിനെതിരായ നീക്കം സൗദി നേതൃത്വം നല്‍കുന്ന മറുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കുമെന്ന് സൂചന. മേഖലയിലെ ഇറാന്റെ സ്വാധീനം മറികടക്കാന്‍ സൗദി രൂപപ്പെടുത്തിയ സഖ്യത്തിന് പുതിയ നീക്കം തിരിച്ചടിയാവും.
ഭൂവിസ്തീര്‍ണം കൊണ്ട് ചെറിയ രാജ്യമായി അറിയപ്പെടുന്ന ഖത്തറിന് മേല്‍ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ മുതിര്‍ന്ന സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും നടപടി തന്ത്രപരമായ അബദ്ധമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അറബ് മേഖലയിലെ രാഷ്ട്രീയ സഖ്യങ്ങള്‍ മാറ്റിമറിക്കാന്‍ ഖത്തറിനെതിരായ നടപടി കാരണമായേക്കും. മേഖലയിലെ ഇറാന്റെ സ്വാധീനം നേരിടാന്‍ സൗദി രൂപപ്പെടുത്തിയ പ്രാദേശിക സഖ്യത്തിന് പുനര്‍വിചിന്തനത്തിന് അവസരമൊരുക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സിറിയന്‍ ഭരണകൂടത്തിന് ഇറാന്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് സൗദിയും തുര്‍ക്കിയും തമ്മില്‍ രൂപപ്പെട്ട നയതന്ത്ര സൗഹൃദം ഖത്തറിനെതിരായ നടപടിയിലൂടെ ഇല്ലാതാവും. ഇറാനും തുര്‍ക്കിയും സുന്നി രാഷ്ട്രീയ ഇസ്ലാമിക പ്രസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന വിചിത്രമായ പൊതുധാരണ രൂപപ്പെടാന്‍ ഇതിടയാക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ഉ ഷെരീഫിന്റെ അങ്കാറ സന്ദര്‍ശനം ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറിലേക്കുള്ള സൈനിക വിന്യാസം എളുപ്പമാക്കുന്നതിന് തുര്‍ക്കി പാര്‍ലമെന്റ് നല്‍കിയ അംഗീകാരവും പ്രശ്‌നത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത്തരമൊരു സൈനിക സഹായം ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരില്‍ അസന്തുഷ്ടിയുണ്ടാക്കും. ഇക്കാരണം കൊണ്ടുകൂടിയാണ് നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പെന്റഗണും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഖത്തറിനെ പിന്തുണച്ചു യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ കക്ഷിയായ ജര്‍മനി രംഗത്തെത്തിയതും സൗദിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവും. ഖത്തറിനെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ അറബ് മേഖലയിലെ ട്രംപ് വത്കരണം അംഗീകരിക്കാന്‍ കഴിയില്ലെന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലിന്റെ അഭിപ്രായം ഖത്തര്‍ വിഷയത്തില്‍ അമേരിക്കയും യൂറോപ്പും രണ്ടു ദിശകളിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നത്. ഇതോടൊപ്പം ഖത്തര്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടില്‍ ട്രംപ് നേരിടുന്ന എതിര്‍പ്പും നിര്‍ണായകമാകും. ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നതായി തെളിയിക്കാന്‍ സൗദി പുറത്തുവിട്ട സംഘടനകളുടെയും വ്യക്തികളുടെയും പട്ടിക ഐക്യരാഷ്ട്ര സഭ തള്ളിക്കളഞ്ഞതും സൗദിക്ക് തിരിച്ചടിയായി.
