പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് എടുത്ത് ശരീരം തളര്‍ന്നു 36 വർഷമായി ൻഷ്ടപരിഹാരത്തിനായി നിയമപോരാട്ടം

കണ്ണൂര്‍: പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ അഞ്ചരക്കണ്ടി സ്വദേശി ലക്ഷ്മണൻ കഴിഞ്ഞ 36 വർഷമായി നഷ്പരിഹാര തുക കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ്. സിരി ജഗൻ കമ്മറ്റി റിപ്പോർട്ടടക്കം അനുകൂലമായിട്ടും ലക്ഷ്മണന് ഇത് വരെ നഷ്ടപരിഹാര തുക കിട്ടിയിട്ടില്ല. 

35മത്തെ വയസ്സിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോളാണ് ലക്ഷ്മണന് വീടിനടുത്ത് വച്ച് പേപ്പട്ടിയുടെ കടിയേറ്റത്. സമീപത്തുള്ള ചക്കരക്കല്ല് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലത്തി റാബിസ് വൈറസ് കുത്തിവെപ്പ് എടുത്തതോടെ ശരീരം പൂർണ്ണമായും തളർന്നു. വർ‍ഷങ്ങൾ നീണ്ട ചികിത്സയിലൂടെ ആരോഗ്യം ഭാഗികമായി വീണ്ടെടുക്കാനായെങ്കിലും കാലിനും കൈക്കും സ്വാധീനം ഇല്ലാത്തതിനാൽ ജോലി ചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയായി.

ബന്ധുക്കളുടെയും നാട്ടുകാരുടേയും സഹായത്തോടെയായി പിന്നീടുള്ള ജീവിതം. ചികിത്സാ പിഴവ് മൂലം ആരോഗ്യം നഷ്ടപ്പെട്ടതിനാൽ നഷ്ടപരിഹാരം കിട്ടാൻ 1985ൽ തുടങ്ങിയ നിയമ പോരാട്ടം 71മത്തെ വയസ്സിലും തുടരുകയാണ് ഈ വൃദ്ധൻ. കേരളത്തിലെ തെരുവുനായകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും പഠിക്കാൻ സുപ്രീം കോടതി നിയമിച്ച സിരി ജഗൻ കമ്മറ്റി റിപ്പോർട്ട് ലക്ഷ്മണന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ ശുപാർശ ചെയ്തിരുന്നു.

എന്നാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വിഷയം മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. മരിക്കും മുമ്പെങ്കിലും അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മണനും കുടുംബവും.