ആലപ്പുഴ: കടവില്‍ ചൂണ്ടയിടുകയായിരുന്ന പത്താം ക്ലാസുകാരനെയും വിളിക്കാനെത്തിയ അമ്മയേയും മൂന്നംഗ സംഘം ആക്രമിച്ചു. വഴുവാടി ആയിക്കാട്ട് മിനി ഫിലിപ്പോസ്(45), മകന്‍ മെറീഷ് (15) എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടു വഴുവാടി കടവിലാണു സംഭവം. 

സ്‌കൂളില്‍ നിന്നെത്തിയ ശേഷം ചൂണ്ടയിടാന്‍ പോയ മകനെ വിളിക്കാനായി മിനി കടവിനു സമീപമെത്തിയപ്പോഴാണു സംഭവം. ബൈക്കില്‍ കടവിലെത്തിയ മൂന്നംഗ സംഘം മെറീഷിനോടു തട്ടിക്കയറുകയും അടിക്കുകയും ചെയ്തു. ഇതു കണ്ടു തടയാനെത്തിയ മിനിയേയും മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

തഴക്കര, വഴുവാടി പ്രദേശത്തുള്ളവരാണു ആക്രമണം നടത്തിയതെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വഴുവാടി പ്രദേശത്തെ കടവുകള്‍ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം ഏറെയാണ്. കഞ്ചാവ് വില്‍പനക്കാരുള്‍പ്പെടെ ദൂരെസ്ഥലത്തു നിന്നും ആളുകളെത്തി ഇവിടെ തമ്പടിക്കുക പതിവാണെന്നു നാട്ടുകാര്‍ പറയുന്നു.