ദില്ലി: വിവാദമായ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. ദില്ലിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്തത്. 2005ല്‍ ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടി മീഡിയയുമായി ഒപ്പിട്ട കരാറില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന കേസില്‍ അന്ന് ചെയര്‍മാനായിരുന്ന ജി.മാധവന്‍ നായരെ കഴിഞ്ഞ ദിവസം ദില്ലിയില്‍ വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ഇടപാടിനെക്കുറിച്ച് കൂടുതല്‍ വിശദാംശത്തിനായാണ് സിബിഐ രണ്ടാമതും മാധവന്‍ നായരെ ഇന്നലെ ചോദ്യം ചെയ്തത്. കേസില്‍ സിബിഐയും ആദായ നികുതി വകുപ്പും അന്വേഷണം തുടരുകയാണ്. രണ്ട് ഐസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം പന്ത്രണ്ട് വര്‍ഷത്തെക്ക് എഴുപത് ശതമാനം എസ് ബാന്‍ഡ് അനുവദിക്കുന്ന ഇടപാടില്‍ അന്ന് ഐഎസ്ആര്‍ഓയും ആന്‍ട്രിക്‌സും അനാവശ്യ തിടുക്കം കാട്ടിയെന്ന് സിഎജി വിലയിരുത്തിയിരുന്നു.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ബഹിരാകാശ കമ്മീഷനുമായും വേണ്ട ചര്‍ച്ച നടന്നിരുന്നില്ലെന്നും ഇടപാടിലൂടെ 576 കോടി രൂപയുടെ നഷ്‌ടം കേന്ദ്രത്തിന് ഉണ്ടായി എന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.
