പദ്ധതിയിലുള്‍പ്പെട്ടിട്ടും പണം ലഭിച്ചില്ല ബിരുദവും ജീവിതത്തില്‍ തുണച്ചില്ല സർക്കാർ ഫണ്ട് അനുവദിച്ചാല്‍ പണം നല്‍കുമെന്ന് പഞ്ചായത്ത്  

ഇടുക്കി:സ്വന്തമായി റേഷൻകാർഡ് ഇല്ലാത്തതിനാൽ വീടെന്ന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇടുക്കി കൂട്ടാർ സ്വദേശി അനുരാജ്. അംഗപരിമിതനായ ഈ ലോട്ടറി വിൽപ്പനക്കാരൻ റേഷൻ കാർഡിനായി അലയാൻ തുടങ്ങിയിട്ട് വ‍ർഷങ്ങളായി. പുതിയ കാർ‍‍ഡ് ആർക്കും അനുവദിക്കുന്നില്ലെന്നാണ് അധികൃതരുടെ മറുപടി.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് അനുരാജ്. കുടുംബത്തിന്‍റെ താമസം വാടകവീട്ടിലാണ്. സ്വന്തമായി ഒരു വീടെന്ന അനുരാജിന്‍റെ സ്വപ്നം മനസ്സിലാക്കിയ ബാല്യകാലസുഹൃത്ത് അഞ്ചുസെന്‍റ് സ്ഥലം വാങ്ങിനൽകി. ലൈഫ് പദ്ധതിയിൽ അംഗമാവുകയും ചെയ്തു. പക്ഷേ പണം കിട്ടിയില്ല. സ്വന്തം പേരിൽ റേഷൻ കാർഡ് ഇല്ലാത്തതാണ് കാരണം. ഏതെങ്കിലും റേഷൻ കാർഡിൽ പേരുള്ളവർക്ക്, കഴിഞ്ഞ നാല് വർഷമായി പുതിയ കാർഡ് നൽകുന്നില്ല. ഇതാണ് വിനയായത്. എന്നാല്‍ സർക്കാർ ഫണ്ട് അനുവദിച്ചാൽ പണം നൽകാമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിക്കുവരെ പരാതി നൽകി കാത്തിരിക്കുകയാണ് അനുരാജ്.