മിലാന്‍: അഭ്യൂഹങ്ങള്‍ ശരിവച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌കാ ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ നിന്നൊഴിഞ്ഞ് വിരാടും സിനിമാഷൂട്ടിംഗിന് അവധി നല്‍കി അനുഷ്‌കയും തിരക്കുകളില്‍ നിന്നു മാറി നിന്നപ്പോള്‍ തന്നെ ഇരുവരുടേയും വിവാഹം ഉടനുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു സ്ഥിരീകരണം കോലിയോ അനുഷ്‌കയോ ഇവരുമായി ബന്ധപ്പെട്ടവരോ നല്‍കിയിരുന്നില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ ഇരുവരും ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ചപ്പോള്‍ ആണ് സസ്‌പെന്‍സിന് അവസാനമായത്.
വിവാഹചടങ്ങുകള്‍ മിലാനില്‍ വച്ചാണ് നടന്നതെങ്കിലും സിനിമ-ക്രിക്കറ്റ് ലോകത്തെ സുഹൃത്തുകള്‍ക്കായി മുംബൈയില്‍ വധൂവരന്‍മാര്‍ ചേര്‍ന്ന് ഗംഭീരവിരുന്നൊരുക്കുന്നുണ്ടെന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം. 2013ലാണ് ഇന്ത്യയുടെ ബാറ്റിംഗ് വിസ്മയം കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കയും തമ്മില്‍ പ്രണയം മൊട്ടിടുന്നത്. ഇടക്കാലത്ത് ഇരുവരും തമ്മില്‍ അകന്നതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു.
നിലവില്‍ ബോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ്മ. 2014 മുതല്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന കോലി പ്രതിഭയുടെ കാര്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറോട് താരത്മ്യം ചെയ്യപ്പെടുന്ന കളിക്കാരനാണ്. സച്ചിന്റെ പല റെക്കോര്‍ഡുകളും സമീപകാലത്ത് തന്നെ കോലി തകര്‍ക്കും എന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരുടേയും പ്രവചനം.
