ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആറാഴ്ചയ്ക്കകം തിരികെ വീട്ടിലേയ്ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി മേധാവി ഡോ. സി പ്രതാപ് റെഡ്ഡി. ജയലളിത ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുത്തുവെന്നും ഭരണകാര്യങ്ങളിൽ ശ്രദ്ധിയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊണ്ട വഴിയുള്ള ശ്വസനസഹായം ഇപ്പോഴും ജയലളിതയ്ക്ക് നൽകുന്നുണ്ട്. ദിവസത്തിൽ 15 മിനിറ്റോളമാണ് ശ്വസനസഹായം നൽകുന്നത്. അണുബാധ വീണ്ടും ഉണ്ടാകാതിരിയ്ക്കാനാണ് അവരെ ഐസിയുവിൽ നിന്ന് മാറ്റാതിരിയ്ക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ചികിത്സയും അവർക്ക് നൽകി വരികയാണ്.

ഭരണമുൾപ്പടെയുള്ള കാര്യങ്ങളിൽ ഉടൻ ഇടപെടുന്ന കാര്യം അവർക്ക് തീരുമാനിയ്ക്കാമെന്നും പ്രതാപ് റെഡ്ഡി വ്യക്തമാക്കി. പനിയും ശ്വാസംമുട്ടലുമായി സെപ്തംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ജയലളിത കഴിഞ്ഞ 57 ദിവസമായി ചികിത്സയിൽ തുടരുകയാണ്.