എറണാകുളത്ത് വീട് മാറി ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കിയ സംഭവത്തിൽ ബാങ്ക് അധികൃതർ വീട്ടുകാരോട് മാപ്പ് പറഞ്ഞ് തലയൂരി. സംഭവത്തിൽ നാട്ടുകാരോട് തട്ടിക്കയറിയ അഭിഭാഷകന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം എംഎൽഎ പി ടി തോമസ് രംഗത്തെത്തി. കുടുംബത്തിന് നീതി ലഭിക്കാൻ ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു.ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തു കൊണ്ടുവന്നത്.

എറണാകുളം ചിലവന്നൂരിൽ ജ്യേഷ്ഠനെടുത്ത വായ്പയിൽ അനുജന്റെ വീട് ജപ്തി ചെയ്ത സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. മൂന്നു കുട്ടികൾ ഉൾപ്പെടെയുളള കുടുംബത്തെ മൂന്നു ദിവസം പെരുവഴിയിലാക്കിയ ബാങ്കിന്റെ നടപടി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ ബാങ്കിന്റെ പെരുമാനൂർ ബ്രാഞ്ച് സീനിയർ മാനേജർ ,റോബിയുടെ വീട്ടിലെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞു. റോബിയുടെ മൂത്ത സഹോദരൻ റോയിയാണ് വീട് മാറി ജപ്തി ചെയ്യാൻ കാരണമെയെന്ന് ബാങ്ക് അറിയിച്ചു.

അതിനിടെ വീട് മാറി ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റെ അഭിഭാഷകന്റെ നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്ഥലം എംഎൽഎ പി ടി തോമസ് റോബിയുടെ ചിലവന്നൂരുളള വീട്ടിലെത്തി കുടുംബത്തെ പിന്തുണ അറിയിച്ചു. കുടുംബത്തോട് അതിക്രമം കാട്ടിയ ബാങ്കിന്റെ അഭിഭാഷകന്റെ നടപടിയിൽ പി ടി തോമസ് പ്രതിഷേധിച്ചു.

റോബിയുടെ കുടുംബത്തെ സഹായിക്കാൻ ഇടപെടുമെന്ന് ഉറപ്പു നൽകിയാണ് പി ടി തോമസ് മടങ്ങിയത്.