ശബരിമല സുരക്ഷയ്ക്കായി ഡ്യൂട്ടിക്കെത്തുന്ന പൊലീസിനുള്ള അപ്പം അരണവണ വിതരണം ദേവസ്വം ബോർഡിന് തലവേദനയാകുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ജോലി ചെയ്ത മുഴുവൻ പൊലീലീസുകാർക്കും പ്രസാദം വിതരണം ചെയ്യണം എന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം.

പത്തനംതിട്ട: ശബരിമല സുരക്ഷയ്ക്കായി ഡ്യൂട്ടിക്കെത്തുന്ന പൊലീസിനുള്ള അപ്പം അരണവണ വിതരണം ദേവസ്വം ബോർഡിന് തലവേദനയാകുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ജോലി ചെയ്ത മുഴുവൻ പൊലീസുകാർക്കും പ്രസാദം വിതരണം ചെയ്യണം എന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം.

5200 പൊലീസുകാർക്കാണ് ആദ്യ ഘട്ടത്തില്‍ മാത്രം പ്രസാദങ്ങള്‍ നൽകേണ്ടത്. ഇതുവഴി ആറ് ലക്ഷത്തി ഇരുപത്തി നാലായിരം രൂപയുടെ ബാധ്യത ബോ‍‍ർഡിനുണ്ടാകും. മണ്ഡലകാലം പൂർത്തിയാകുമ്പോൾ 20000 ലേറെ പൊലീസുകാർക്ക് പ്രസാദം നൽകേണ്ടിവരും. ഇത് ബോ‍ർഡിന് 25 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കും. ദേവസ്വം കമ്മീഷണറുടെ എതിർപ്പുമായി ദേവസ്വം ഓഡിറ്റിംഗ് വിഭാഗം

രംഗത്തെത്തി. അരവണ അപ്പം വിതരണം ബോര്‍ഡിന് സാമ്പത്തിക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടിക്ക് ഓഡിറ്റ് ഒബ്ജക്ഷന്‍ ഉള്ളതായും അദ്ദേഹം പറ‍ഞ്ഞു. ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പ്രസാദം നല്‍കുന്നത് നിര്‍ത്തുന്നത് മറ്റൊരു തരത്തില്‍ ശരിയല്ലെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറ‍ഞ്ഞു. 

അതേസമയം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പ്രതികരിച്ചു. അത്തരം കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതിസന്ധികളുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും എ പത്മകുമാര്‍ പറഞ്ഞു.