അഭിഭാഷക രംഗത്തെ പരിചയ സമ്പത്തും പ്രാഗത്ഭ്യവും കണക്കിലെടുത്താണ് സുപ്രീം കോടതിയും ഹൈക്കോടതിയും മുതിര്‍ന്ന അഭിഭാഷകരെ തെരഞ്ഞെടുക്കുന്നത്. കോടതിയില്‍ നേരിട്ട് കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും കക്ഷികളുടെ വക്കാലത്ത് നേരിട്ട് സ്വീകരിക്കുന്നതിനും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അവകാശമില്ല. 1961ലെ ബാര്‍ കൗണ്ടസില്‍ ചട്ടത്തിലെ നാലാം ഭാഗത്തില്‍ റസ്ട്രിക്ഷന്‍ ഓണ്‍ സീനിയര്‍ അഡ്വക്കേറ്റ്സ് എന്ന അദ്ധ്യായത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ഒരാള്‍ക്ക് നിയമോപദേശം നല്‍കണമെങ്കില്‍ പോലും ഒരു മധ്യസ്ഥന്‍ ഉണ്ടാകണം. 

മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവാകുമ്പോള്‍ മുഖ്യമന്ത്രി, എംകെ.ദാമോദരന്റെ കക്ഷിയായി പരിഗണിക്കപ്പെടും എന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോള്‍ അത് വിരുദ്ധ താല്പര്യവും ബാര്‍ കൗണ്‍സില്‍ ചട്ടത്തിന്റെ ലംഘനവുമാകും. സര്‍ക്കാരിന്റെ നിയമോപദേശകന്‍ അഡ്വക്കേറ്റ് ജനറലാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവുമ്പോള്‍, എംകെ.ദാമോദരന്റെ സീനിയ‍ര്‍ പദവി വേണമെങ്കില്‍ ബാര്‍ കൗണ്‍സിലില്‍ ചോദ്യം ചെയ്യാം. മാത്രമല്ല, മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ലാവ്‍ലിന്‍ കേസിലെ അഭിഭാഷകന്‍ കൂടിയാണ് എം.കെ.ദാമോദരന്‍ എന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നു.