കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് അറബി. മുക്കം കൊടിയത്തൂരിലാണ് മുഖ്യമന്ത്രിയ്ക്ക് പകരം മാനേജ്മെന്റ് രഹസ്യമായി അറബിയെ വച്ച് ഉദ്ഘാടനം നടത്തിയത്. സ്‌കൂള്‍ കെട്ടിടത്തിന് സഹായം നല്‍കിയ യുഎഇ റെഡ് ക്രസന്‍റ് പ്രസിഡണ്ട് ഹംദാന്‍ മുസ്ലിം അല്‍ മസ്റൂഹിയാണ് മുഖ്യമന്ത്രിക്ക് പകരം കെട്ടിടത്തിന്റെ ഉദ്ഘാടകനായത്. 

കൊടിയത്തൂര്‍ എയുപി സ്‌കൂളിനായി നിര്‍മിച്ച കെട്ടിടം അടുത്തമാസം 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടച്ചടങ്ങ് സംബന്ധിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കൊടിയത്തൂരിലും പരിസരപ്രദേശത്തും സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപകരോ നാട്ടുകാരോ അറിയാതെ ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തുകയായിരുന്നു. ഉദ്ഘാടന വിവരം ആരും അറിയാതിരിക്കാന്‍ ശിലാഫലകം അറിബിയിലാണ് സ്ഥാപിച്ചത്. 

സ്‌കൂളിന്റെ ഉടമസ്ഥത സംബന്ധിച്ച് എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കെട്ടിട നമ്പര്‍ നല്‍കുന്നതിനിതെരെ ഒരു വിഭാഗം പഞ്ചായത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് പകരം മറ്റൊരാളെ ഉദ്ഘാടകനാക്കിയത് വഴി ഇരു വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കവും രൂക്ഷമാവുകയാണ്.