തിരുവനന്തപുരം: അര്‍ച്ചനാ വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരീയല്‍ ഡയറക്ടര്‍ ദേവന്‍ കെ. പണിക്കര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയില്‍ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയില്‍ 2009 ഡിസംബര്‍ 31നാണു അര്‍ച്ചനയുടെ മൃതദേഹം വട്ടിയൂര്‍ക്കാവിലെ വാടക വീട്ടില്‍ വെച്ച് പൊലീസ് കണ്ടെടുത്തത്. 

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ മൃതദേഹത്തില്‍നിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളര്‍ച്ച കണക്കാക്കിയാണ് മരണ സമയം പോലും കണക്കാക്കിയത്. ഡിസംബര്‍ 28 ന് കൊല നടന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചനയെ ദേവദാസ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 

കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക കൊല്ലപ്പെട്ട അര്‍ച്ചനയുടെ അച്ഛന് കൊടുക്കണമെന്നും തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചു.

ഇരുവരും കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അര്‍ച്ചന എതിര്‍ത്തതിനെ തുടര്‍ന്ന് ഇത് നടന്നില്ല. കൊലപാതക വിവരം പുറംലോകമറിയും മുമ്പേ മുങ്ങിയ ദേവനെ പിന്നീട് സുഹൃത്തിന്റെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്. തമിഴ്‌നാട്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു 40കാരനായ ദേവന്‍.