പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യം

മലപ്പുറം: മലപ്പുറം അരീക്കോട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും ദേശീയ ബാലാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കി. സഹോദരന്‍മാരുടെ മക്കളായ 12ഉം 16ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് ബലാത്സംഗത്തിന് ഇരയായത്. 

ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭര്‍ത്താവും അയല്‍വാസിയായ ഹാരിസ് എന്നയാളും. ഇരുവരും ഒളിവിലാണ്. ചൈല്‍ഡ് ലൈന്‍ വഴി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. എന്നാല്‍ ഈ കേസുമായി മുന്നോട്ടുപോകാന് താല്‍പര്യമില്ലെന്ന നിലപാടിലാണ് പെണ്കുട്ടിയുടെ മാതാപിതാക്കള്‍. 

പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ഹാരിസാണ്. ഈ കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെയാണ് ഏതാനും ദിവസം മുമ്പ് ഭീഷണി ഉണ്ടായത്. അരീക്കോട് പൊലീസ് അന്വേഷിക്കുന്ന ഈ കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.