ജോർജ് സാംപോളിയെന്ന പരിശീലകന്‍റെ വീഴ്ചയായിരുന്നു അര്‍ജന്‍റീനന്‍ ദുരന്തത്തിന്‍റെ പ്രധാന കാരണം
മോസ്കോ: ജോർജ് സാംപോളിയെന്ന പരിശീലകന്റെ വീഴ്ചയായിരുന്നു അര്ജന്റീനന് ദുരന്തത്തിന്റെ പ്രധാന കാരണം. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സാംപോളി പറഞ്ഞു. ധീരമായിരുന്നു സാംപോളിയുടെ തെരഞ്ഞെടുപ്പ്. ധൈര്യത്തിനും മണ്ടത്തരത്തിനുമിടയിൽ നേർത്ത വര മാത്രമെന്ന് പക്ഷേ അയാൾ മറന്നുപോയി.
ടച്ച് ലൈനിനരികിലെ നടപ്പിലും ആക്രോശങ്ങളിലും മാത്രമായി സാംപോളിയെ ചുരുക്കിയതും തീരുമാനങ്ങൾ തന്നെ. മെർക്കാഡോ, അഗ്യൂന്യ,പെരസ്. ഒരു സമനിലയിൽ ഞെട്ടി സാംപോളി വരുത്തിയ മാറ്റങ്ങൾ. പെരസ് അവസരങ്ങൾ തുലച്ചു. മെർക്കാഡോ പെരിസിച്ചിന് പലപ്പോഴും ഗോൾ പോസ്റ്റിലേക്ക് വഴിതെളിച്ചു.

അഗ്യൂന്യയുടേത് ശൂന്യതയിലേക്കുളള നീക്കങ്ങൾ. മെസിക്കും അഗ്യൂറോക്കും പന്തുകിട്ടാതിരുന്നതോടെ സാംപോളി കോട്ടഴിച്ചു.
ഹിഗ്വെയ്ൻ,പാവോൺ,ഡിബാല,ബെഞ്ചിലിരുന്ന സൂപ്പർ താരങ്ങളെ രണ്ടാം പകുതിയിൽ പിന്നിലായപ്പോൾ സാംപോളി കളിക്കാനിറക്കി. കൈവിട്ടുപോയത് തിരിച്ചുകിട്ടിയില്ല.
റാക്കിട്ടിചിന്റെ മൂന്നാം ഗോൾ വീണതോടെ കോച്ച് ഡഗ്ഔട്ടിൽ തൂങ്ങി. അവസാന വിസിൽ തീരും മുൻപ് തല കുനിച്ച് സാംപോളി മടങ്ങി. എന്റെ പിഴയെന്ന് പിന്നീട് പരിതപിച്ചു. തീരുമാനങ്ങൾ തെറ്റിയെന്ന് കുറ്റസമ്മതം. പത്താം നമ്പര് കുപ്പായം ചുംബിച്ച മറഡോണ ഗ്യാലറിയുണ്ടായിരുന്നു.ഒടുവിൽ നിഷ്നി ദുരന്തമായപ്പോൾ അർജന്റീനയുടെ മുഖം കൂടിയായി ഡീഗോ.
