Asianet News MalayalamAsianet News Malayalam

രഹസ്യ പരിശീലനം അവസാനിച്ചു, മെസിപ്പട തയാര്‍

  • പരിശീലനം നടത്തിയത് ബാഴ്സലോണയില്‍
  • മെസിയും സംഘവും പ്രതീക്ഷയില്‍
ARGENTINA SETS FOR THE WORLD CUP
Author
First Published Jun 10, 2018, 5:52 PM IST

ബാഴ്സലോണ:  പത്തു ദിനങ്ങള്‍ രഹസ്യമായി നടത്തിയ കടുത്ത പരിശീലനങ്ങള്‍ക്കൊടുവില്‍ ലോകകപ്പ് എന്ന ഒറ്റ ലക്ഷ്യം മനസിലും ശരീരത്തിലും ആവാഹിച്ച് മെസിപ്പട തയാര്‍. പത്തു ദിവസങ്ങള്‍ നീണ്ട അവസാനവട്ട ഒരുക്കങ്ങള്‍ അര്‍ജന്‍റീന ബാഴ്സലോണയിലാണ് നടത്തിയത്. രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ മുഴുവന്‍ ചുമലിലേറ്റുന്ന ലയണല്‍ മെസി എന്ന ഫുട്ബോള്‍ മാന്ത്രികന് ഒരു തരത്തിലുള്ള സമ്മര്‍ദങ്ങളും അനുഭവപ്പെടാതെയിരിക്കാനാണ് താരത്തിന്‍റെ ഇഷ്ട സങ്കേതത്തില്‍ പരിശീലനം ഒരുക്കിയത്.

കഴിഞ്ഞ മാസം 31നാണ് അര്‍ജന്‍റീനിയന്‍ സംഘം ബാഴ്സയിലെത്തിയത്. ടീമിന്‍റെ രഹസ്യ പരിശീലനം ഇതിനിടെ അര്‍ജന്‍റീനയിലെ മാധ്യമങ്ങള്‍ വിവാദത്തിലാക്കിയിരുന്നു. ടീമിന്‍റെ യാത്രയില്‍ ഒരു പത്രസമ്മേളനം പോലും നടത്താത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന സന്നാഹ മത്സരം കളിക്കാനായി അര്‍ജന്‍റീനിയന്‍ ടീം ഇസ്രായേലിലേക്ക് പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

രാഷ്ട്രീയപരമായ കാരണങ്ങളാലും സുരക്ഷ പ്രശ്നങ്ങള്‍ മൂലവും ഈ യാത്രം ടീം വേണ്ടെന്ന് വച്ചു. ടീമിന്‍റെ പരിശീലക സംഘത്തിനും ഇസ്രായേല്‍ യാത്രയോട് അത്ര താത്പര്യമില്ലായിരുന്നു. വലിയ ദൂരം താണ്ടിയുള്ള യാത്ര ലോകകപ്പിന് മുമ്പ് അത്ര നല്ല കാര്യമല്ലെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എങ്കിലും, പരിശീലകന്‍ സാംപോളിക്ക് പരിക്ഷണങ്ങള്‍ നടത്താന്‍ ലഭിച്ച അവസാന അവസരമായിരുന്നു ഇസ്രായേലിനെതിരെയുള്ള സന്നാഹ മത്സരം.

ഹെയ്തിക്കെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ച കളി മാത്രമാണ് പരിശീലനത്തിന്‍റെ മികവ് അടുത്തറിയാന്‍ ലഭിച്ചത്. മാര്‍ച്ചില്‍ സാംപോളി 2-3-3-2 എന്ന പുത്തന്‍ ഫോര്‍മേഷന്‍ പരീക്ഷിച്ച് നോക്കാന്‍ ആലോചന നടത്തിയിരുന്നു. മെസിയെ ഹൃദയ ഭാഗത്ത് പ്രതിഷ്ഠിച്ച് നടത്തുന്ന ശെെലിയായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. പക്ഷേ, ഇറ്റലിക്കെതിരെയും സ്പെയിനെതിരെയും മെസിക്ക്  കളിക്കാന്‍ സാധിക്കാതെ പോയത് പരിശീലകന് തിരിച്ചടിയായി.

സ്പെയിനെതിരെ മെസി ഇല്ലാതെയിറങ്ങിയ ടീം ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് തകര്‍ന്നത്. ബാഴ്സലോണയില്‍ ടീം നടത്തിയ പരിശിലങ്ങളില്‍ ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ഇതിനിടെ മാനുവല്‍ ലാന്‍സീനിക്ക് പരിക്കേറ്റത് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയുമായി. ലാന്‍സീനിക്ക് പകരം അനുഭവ പരിചയം ഏറെയുള്ള എന്‍സോ പെരസിനെയാണ് സാംപോളി തിരിച്ചു വിളിച്ചത്. മോസ്കോയിലേക്ക് പുറപ്പെട്ട ടീം ആദ്യ മത്സരത്തില്‍ ഐസ്‍ലാന്‍റിനെയാണ് നേരിടുന്നത്. 

Follow Us:
Download App:
  • android
  • ios