അടിമുടി മാറ്റവുമായി അര്‍ജന്‍റീന ഇറങ്ങുന്നു

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗ്: തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാമെന്നുള്ള അവസ്ഥയില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്‍റീന ടീമില്‍ അടിമുടി മാറ്റം. ക്രൊയേഷ്യക്കെതിരെ മണ്ടത്തരം കാണിച്ച് ഗോള്‍ വഴങ്ങിയ ഗോള്‍കീപ്പര്‍ വില്ലി കാബല്ലറോയ്ക്ക് പകരം ഫ്രാങ്കോ അര്‍മാനി ടീമിലെത്തിയതാണ് പ്രധാന മാറ്റം. മുന്നേറ്റനിരയില്‍ സെര്‍ജിയോ അഗ്വേറോയ്ക്ക് പകരം ഗോണ്‍സാലോ ഹിഗ്വിന്‍ ആദ്യ ഇലവനില്‍ ഇടം നേടി.

കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന മധ്യനിരയിലെ കരുത്തന്‍ ഏയ്ഞ്ചല്‍ ഡി മരിയയും പ്രതിരോധ നിരയില്‍ മാര്‍ക്കസ് റോഹോയും മടങ്ങിയെത്തി. എവര്‍ ബനേഗയും കൂടെ അണിനിരന്നതോടെ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് മെസിപ്പട ഇറങ്ങുന്നതെന്ന് ഉറപ്പ്.

മെസിയെയും ഹിഗ്വെയിനെയും മുന്നില്‍ നിര്‍ത്തി 4-4-2 എന്ന ഫോര്‍മേഷനാണ് സാംപോളി പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തവണയും പൗളോ ഡിബാലയ്ക്ക് ആദ്യ ഇലവനില്‍ പരിശീലകന്‍ സ്ഥാനം നല്‍കിയില്ല. 3-5-2 എന്ന ഫോര്‍മേഷനില്‍ നെെജീരിയയും പോരിനിറങ്ങും.