ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രത്തില്‍ 1978 ന് ശേഷം ഇതാദ്യമായാണ് അര്‍ജന്‍റീനയും ഫ്രാന്‍സും മുഖാമുഖം വരുന്നത്
മോസ്കോ: റഷ്യന് ലോകകപ്പിലെ ആദ്യ പ്രീ ക്വാര്ട്ടര് പോരാട്ടത്തിന് അര്ജന്റീനയും ഫ്രാന്സും കൊമ്പുകോര്ക്കുകയാണ്. മെസിയുടെ സാന്നിധ്യം തന്നെയാണ് അര്ജന്റീനയുടെ കരുത്ത്. മറുവശത്ത് ഫ്രഞ്ച് പടയാകട്ടെ യുവത്വത്തിന്റെ പ്രസരിപ്പിലാണ് പന്തുതട്ടുന്നത്. രണ്ട് ടീമുകളും ആരാധകരാല് സമ്പന്നമാണെന്നതിനാല് തന്നെ ഇന്നത്തെ പോരാട്ടത്തിന് വീറും വാശിയും കൂടും.
ജയിക്കുന്നവര്ക്ക് പുഞ്ചിരിച്ചുകൊണ്ട് മുന്നേറാം. തോല്ക്കുന്നവരാകട്ടെ കണ്ണീരുമായി നാട്ടിലേക്ക് വണ്ടികയറണം. ആദ്യ റൗണ്ട് പോരാട്ടത്തില് മെസിയുടെ അര്ജന്റീന പതിവില്ലാത്ത വെല്ലുവിളിയാണ് നേരിട്ടത്. ഐസ് ലന്ഡിന് മുന്നില് സമനിലയില് പിരിഞ്ഞപ്പോള് ക്രൊയേഷ്യ നാണകെടുത്തി. എന്നാല് അവസാന ലീഗ് മത്സരത്തില് നൈജീരിയയെ തകര്ത്ത് നോക്കൗട്ടിലെത്തുകയായിരുന്നു മെസിയും കൂട്ടരും. മറുവശത്ത് ഫ്രാന്സിനും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചപ്പോള് അവസാന അങ്കത്തില് സമനിലക്കുരുക്ക് പൊട്ടിക്കാനായില്ല.
ഫുട്ബോള് ലോകകപ്പിന്റെ ചരിത്രത്തില് 1978 ന് ശേഷം ഇതാദ്യമായാണ് അര്ജന്റീനയും ഫ്രാന്സും മുഖാമുഖം വരുന്നത്. 1978 ലെ ഗ്രൂപ്പ് പോരാട്ടത്തില് സാക്ഷാല് മിഷേല് പ്ലാറ്റിനിയുടെ സംഘത്തെ അര്ജന്റീന കരയിച്ചാണ് മടക്കിയത്. അന്ന് 2-1ന് അര്ജന്റീന ജയിച്ചുകയറിയപ്പോള് ഫ്രാന്സ് ആദ്യ ഘട്ടം കടക്കാനാകാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
45 ാം മിനിട്ടില് അല്ബര്ട്ടോ പാസറെല്ല പെനാല്ട്ടിയിലൂടെ അര്ജന്റീനയെ മുന്നിലെത്തിച്ചു. എന്നാല് 60 ാം മിനിട്ടില് പ്ലാറ്റിനി ഗോള് മടക്കി. 13 മിനിട്ടുകള്ക്ക് ശേഷം ജാസിന്റോ ലുക്വെയിലൂടെ അര്ജന്റീന വല കുലുക്കി ജയിച്ചുകയറുകയായിരുന്നു.
അന്ന് ഫ്രാന്സിനെ തോല്പ്പിച്ച അര്ജന്റീന കിരീടത്തില് മുത്തമിട്ടുവെന്നതാണ് ചരിത്രം. ഇന്ന് വീണ്ടും ഫ്രാന്സുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോള് ചരിത്രം ആവര്ത്തിക്കണമേയെന്ന പ്രാര്ത്ഥനയിലാണ് അര്ജന്റീനയുടെ ആരാധകര്. ഫ്രാന്സിനെ പരാജയപ്പെടുത്തി കുതിപ്പ് തുടര്ന്നാല് മെസിക്ക് കിരീടമുയര്ത്താമെന്നാണ് അവര് ചൂണ്ടികാട്ടുന്നത്.

