ആലപ്പുഴ: വാക്സിന്‍ വിരുദ്ധര്‍ക്ക് അനുകൂലമായ പരാര്‍ശം നടത്തിയതില്‍ വിശദീകരണവുമായി സിപിഎം ആലപ്പുഴ ആരൂര്‍ എംഎല്‍എ ആരിഫ്. റൂബെല്ല കുത്തിവെപ്പിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്ന് ആരിഫ് എംഎൽഎ. ഹോമിയോ ഡോക്ടറായ ഭാര്യ യുടെ താത്പര്യപ്രകാരമാണ് കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാതിരുന്നത്. അതിനർത്ഥം താൻ റുബെല്ല കുത്തിവെപ്പിന് എതിരാണ് എന്നല്ലെന്നും ആരിഫ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതിയെ താൻ പിന്തുണയ്ക്കുകയാണ്. പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും ആരിഫ് ആരോപിച്ചു.

വാക്സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണമെന്നും റൂബെല്ല വാക്സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. തന്റെ മക്കള്‍ക്ക് വാക്സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. വാര്‍ത്ത വിവാദമായതോടെയാണ് ആരിഫ് വിശദീകരണവുമായി എത്തിയത്. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്രീയ സെമിനാറിലായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന. 

വാക്സിനേഷനെതിരെ ശക്തമായ പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ശക്തമായ എതിര്‍ പ്രചാരണം നടന്ന മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കുറവ് വാക്സിനേഷന്‍ എടുത്തത്. തുടര്‍ന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണ്ക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ബന്ധമായും റുബെല്ല വാക്സിനെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.