കൊടുവള്ളിക്കാരുടെ സ്വര്‍ണമാണ് അര്‍ജുനും ടീമും കൂടുതൽ തവണ കവര്‍ന്നത്. പ്രതികാരം തീര്‍ക്കാൻ പലതവണ കൊടുവള്ളിക്കാര്‍ ശ്രമിച്ചെങ്കിലും അര്‍ജുൻ വഴുതിരക്ഷപ്പെട്ടു. നീണ്ടകാലം കൊച്ചിയിൽ മാത്രം തമ്പടിച്ചു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടപ്പമുണ്ടാക്കുന്നതിലും കൂട്ടുകെട്ട് വളര്‍ന്നു.

തിരുവനന്തപുരം: ഒരേ സമയം സ്വര്‍ണം കടത്തലും പൊട്ടിക്കലും തൊഴിലാക്കിയവരാണ് അര്‍ജുൻ ആയങ്കിയും കൂട്ടരും.എല്ലാത്തിനും അകമ്പടിയൊരുക്കാൻ കേരളത്തിൻ്റെ പലഭാഗങ്ങളിൽ വിശ്വസ്ത ഗുണ്ടാവലയമുണ്ട് ആയങ്കിക്ക്. ക്രൈം ചെയ്യാനും ശേഷം ഒളിച്ചു കഴിയാനുമെല്ലാം ഈ ക്രിമിനൽ ബന്ധങ്ങളെയാണ് ആയങ്കി എന്നും എപ്പോഴും കൂട്ടുപിടിക്കുന്നത്.

എവിടെനിന്ന് സ്വര്‍ണം പറന്നെത്തിയാലും അര്‍ജുൻ ആയങ്കിയറിയും. ലക്ഷ്യവും മാ‍ർഗവും ചെവിയിലോതാൻ പ്രത്യേക നെറ്റ് വര്‍ക്കുണ്ട്. വിമാനത്താവളത്തിന് അകത്തും പുറത്തുമെല്ലാം സന്ദേശക്കൈമാറ്റത്തിന് ഇന്നും വെളിപ്പെടാത്ത വിശ്വസ്തരുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

വിമാനത്താവളത്തിലെ പരിശോധനകളിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന സ്വര്‍ണത്തിൻ്റെ അളവ് കൂടുതലെങ്കിൽ പൊട്ടിക്കാൻ ആയങ്കി നേരിട്ടെത്തുമത്രെ. കാരിയറെ അപായപ്പെടുത്തി സ്വര്‍ണം കവരും.

2016 മുതലാണ് അര്‍ജുൻ സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി കുറ്റകൃത്യങ്ങളിൽ സജീവമാായതെന്നാണ് കസ്റ്റംസ് അടക്കം വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സിപിഎംകാരനെന്ന മേൽവിലാസവും ഇക്കാലയളവിൽ പാര്‍ട്ടി അധികാരത്തിലിരുന്നതും ഒരുപരിധിവരെ ആയങ്കിക്ക് അറിഞ്ഞും അറിയാതെയും തണലൊരുക്കിയെന്ന വിലയിരുത്തലുകൾ ഒരുവശത്ത്.

സ്വര്‍ണം പൊട്ടിക്കൽ മാത്രമല്ല, പലര്‍ക്കും വേണ്ടി കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതും ആയങ്കി തന്നെയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കാരിയര്‍ക്ക് അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ വാഗ്ദാനം ചെയ്താണ് സ്വര്‍ണക്കടത്തുകൾ. ഇത് കസ്റ്റംസിൻ്റെ ചെവിയിലെത്തിയെങ്കിലും ആയങ്കിയിലേക്ക് വിരൽചൂണ്ടിയ കേസുകിട്ടിയത് 2021 ജൂണിലാണ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷഫീഖ് എന്ന കരിയറെ 2.33 കിലോഗ്രാം സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. ഷഫീഖിൻ്റെ ഫോൺ സന്ദേശങ്ങളിൽനിന്നാണ് പുറത്ത് കാത്തിരിക്കുന്നത് അര്‍ജുൻ ആയങ്കിയെന്ന് തിരിച്ചറിഞ്ഞത്. പിന്നെ കണ്ടത് , ആയങ്കിയെ ചോദ്യം ചെയ്യലും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന്‍റെ അറസ്റ്റും. പിന്നാലെ സിആ‍ർപിഎഫ് അകമ്പടിയിൽ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെത്തിച്ചുള്ള

തെളിവെടുപ്പുവരെ നീണ്ടു. വീട്ടിലെ തെളിവെടുപ്പിനിടെയാണ് സ്വർണക്കടത്തിന് ഉപയോഗിച്ച പ്രധാന മൊബൈൽ ഫോൺ വളപട്ടണം പുഴയിലേക്ക് എറിഞ്ഞെന്ന് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. 64 ദിവസം കഴിഞ്ഞാണ് കേസിൽ ജാമ്യം കിട്ടിയത്.

26 പ്രതികളുള്ള ഈ കേസിൽ അര്‍ജുൻ രണ്ടാംപ്രതിയാണ്. കൊടുവള്ളിക്കാരുടെ സ്വര്‍ണമാണ് അര്‍ജുനും ടീമും കൂടുതൽ തവണ കവര്‍ന്നത്. പ്രതികാരം തീര്‍ക്കാൻ പലതവണ കൊടുവള്ളിക്കാര്‍ ശ്രമിച്ചെങ്കിലും അര്‍ജുൻ വഴുതിരക്ഷപ്പെട്ടു. നീണ്ടകാലം കൊച്ചിയിൽ മാത്രം തമ്പടിച്ചു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടപ്പമുണ്ടാക്കുന്നതിലും കൂട്ടുകെട്ട് വളര്‍ന്നു. തെക്കൻ കേരളത്തിൽ കൊല്ലത്താണ് അര്‍ജുന് വിശ്വസ്ത സംഘമുള്ളത്. ഇവര്‍ക്കൊപ്പം ഇടയ്ക്കുള്ള ഒത്തുകൂടലുകളിലാണ് കുറ്റകൃത്യാസൂത്രണങ്ങൾ നടക്കുക. അങ്ങനെയൊന്ന് കോതമംഗലത്ത് റിസോര്‍ട്ടിൽ നടക്കുമ്പോഴാണ് പൊലീസ് എത്തുന്നതും നിലവിലെ വെല്ലുവിളിയിലേക്ക് വരേ നീണ്ടതും.

അതേസമയം, പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം എറണാകുളത്ത് സുഹൃത്തുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ അർജുൻ ആയങ്കി സഹോദരൻ അഖിൽ രാജിന് ഒപ്പം തൃശൂർ ഭാഗത്തേക്ക് എത്തിയിരുന്നു. ഇരുവരും പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ തൃശ്ശൂർ പൊലീസിന് കിട്ടിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച വൈകിട്ടോടെ തേക്കൻകാട് മൈതാനത്ത് നിന്ന് അർജുൻ ആയങ്കിയുടെ സഹോദരനെയും മറ്റൊരു യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തെങ്കിലും ആയങ്കിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന. തൃശ്ശൂർ മലപ്പുറം പാലക്കാട് ജില്ലകളിൽ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം വിട്ടെന്ന സംശയത്തിൽ അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, ഒളിവിൽ കഴിയുന്നതിനിടെയും ആയങ്കി സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. നിരന്തരം പോസ്റ്റിടുകയും തന്നെക്കുറിച്ചുള്ള വാർത്തകളിൽ കമന്റ് ചെയ്യുന്നുമുണ്ട്. അതേസമയം, ഇയാളുടെ സാമൂഹികമാധ്യമ അക്കൗണ്ട് മറ്റാരെങ്കിലുമാണോ ഉപയോ​ഗിക്കുന്നതെന്ന സംശയവുമുണ്ട്.