ശ്രീനഗറിലെ അമര്‍സിങ് കോളേജിലെ അദ്ധ്യാപകനായ ഷമീര്‍ അഹമ്മദ്, സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഇത് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സൈന്യം രംഗത്ത് വന്നത്. സ്കൂള്‍ അധ്യാപകന്‍ മരിച്ചത് സൈനികരുടെ മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് ഉത്തരമേഖല സൈനിക കമാന്‍ഡര്‍ ലഫ് ജനറല്‍ ഡി.എസ് ഹൂഡ വ്യക്തമാക്കി. അനുമതിയില്ലാതെ നടന്ന പരിശോധനകള്‍ക്കിടെയായിരുന്നു സംഭവം. ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്ത സംഭവമാണിത്.

അക്രമത്തില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്നും സൈനിക കമാന്‍ഡര്‍ അഭ്യര്‍ത്ഥിച്ചു. പരമാവധി സംയമനം പാലിക്കണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകനെ മര്‍ദ്ദിച്ച സൈനികര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ കശ്‍മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചക്ക് ഐക്യരാഷ്‌ട്രസഭ മുന്‍കൈ എടുക്കുമെന്ന പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.