ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വി.കെ.സിംഗിനെതിരെ ആരോപണവുമായി നിലവിലെ കരസേന മേധാവി ദല്‍ബീര്‍ സിംഗ് രംഗത്ത്. ചട്ടവിരുദ്ധമായ വിലക്കിലൂടെ ജനറല്‍ വി.കെ.സിംഗ് തന്റെ ഉദ്യോഗകയറ്റം തടസ്സപ്പെടുത്തിയെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദല്‍ബീര്‍ സിംഗ് ആരോപിച്ചു. 

ജനറല്‍ ദല്‍ബീര്‍ സിംഗ് കരസേന മേധാവിയായത് ചട്ടംലംഘിച്ച് കിട്ടിയ ഉദ്യോഗ കയറ്റത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ലഫ്. ജനറല്‍ രവി ദസ്താനെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ കരസേന മേധാവിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ജനറല്‍ വി.കെ.സിംഗിനെതിരെ നിലവിലെ കരസേനാ മേധാവിയായ ജനറല്‍ ദല്‍ബീര്‍ സിംഗ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.

അസമിലെ ജോര്‍ഹാട്ടില്‍ നടന്ന സൈനിക നീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ചട്ടവിരുദ്ധമായി വി.കെ.സിംഗ് തന്റെ കരസേന കമാണ്ടര്‍ പദവിയിലേക്കുള്ള നിയമനം തടഞ്ഞുവെച്ചു എന്നാണ് ദല്‍ബീര്‍ സിംഗ് ആരോപിക്കുന്നത്. ആ നിയമനം ലഭിക്കാതിരിക്കാനുള്ള വിലക്കും ഏര്‍പ്പെടുത്തി. തനിക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിന്റെ പേരിലായിരുന്നു ആ നടപടി. പിന്നീട് വി.കെ.സിംഗിന് ശേഷം കരസേന മേധാവിയായ ബിക്രംസിംഗ് ആ വിലക്ക് നീക്കിയതോടെയാണ് തന്റെ ഉദ്യോഗക്കയറ്റം സാധ്യമായതെന്നും ദല്‍ബീര്‍ സിംഗ് വ്യക്തമാക്കുന്നു. 

അതേസമയം ദല്‍ബീര്‍ സിംഗിന്റെസ്ഥാനക്കയറ്റം ചോദ്യം ചെയ്യുന്ന ഹര്‍ജിയെ പൂര്‍ണമായി എതിര്‍ക്കാതെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം കേസില്‍ അഭിപ്രായം അറിയിച്ചത്. 

ഇതിനിടെ ചില ദൃശ്യങ്ങള്‍ കാട്ടി പ്രദീപ് ചൗഹാന്‍ എന്നയാള്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് വി.കെ.സിംഗിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ദില്ലി പൊലീസ് അന്വേഷണം തുടരുകയാണ്.