പാകിസ്ഥാനി താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'എ ദില്‍ ഹൈ മുശ്കില്‍' റിലീസ് ചെയ്യാന്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ 5 കോടി രൂപ സൈനികക്ഷേമ നിധിയിലേക്ക് നല്കണമെന്ന ഉപാധി മുന്നോട്ടു വച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ ഈ പണം നല്കാമെന്ന് കരണ്‍ ജോഹര്‍ സമ്മതിച്ചു. പിടിച്ചുപറിക്ക് തുല്യമാണ് ഈ ഉപാധിയെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നിലപാട് വ്യക്തമാക്കിയത്. സൈനികരുടെ ക്ഷേമത്തിന് ആര്‍ക്കും സംഭാവന നല്കാമെന്നും ഇത് സ്വമേധയാ ആയിരിക്കണമെന്നും ദില്ലിയില്‍ നാവികസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനം ഉത്ഘാടനം ചെയ്ത ശേഷം പരീക്കര്‍ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് വിളിച്ച യോഗത്തില്‍ രാജ് താക്കറെയുടെ നിര്‍ദ്ദേശം താന്‍ അംഗീകരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കി ദേവേന്ദ്ര ഭട്‌നാവിസും ഇന്ന് മലക്കം മറിഞ്ഞു. സൈന്യത്തെ രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
