ശ്രീനഗറിൽ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ബിഎസ്എഫ് ക്യാംപിൽ കടന്ന് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു, അതിർത്തി രക്ഷാസേനയിലെ ഒരു എഎസ്ഐ ആക്രമണത്തിൽ മരിച്ചു. രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. ഒരു ഭീകരനെക്കൂടി കീഴ്പ്പെടുത്താനുള്ള ഓപ്പറേഷൻ തുടരുകയാണ്. സ്ഥിതി വിലയിരുത്താൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേർത്തു.
പുലർച്ചെ നാലുമണിക്കാണ് ശ്രീനഗറിൽ വിമാനത്താവളത്തിന് തൊട്ടടുത്ത് തന്ത്രപ്രധാന മേഖലയിലെ ബിഎസ്എഫ് നൂറ്റിയെമ്പത്തിരണ്ടാം ബറ്റാലിയൻ ക്യാംപിനു നേരെ ഭീകരാക്രമണം നടന്നത്. ക്യാംപിനുള്ളിൽ കടന്ന ഭീകരർ അഡ്മിൻ ഓഫീസ് കെട്ടിടത്തിൽ കയറിയ ശേഷം ജവാൻമാർക്ക് നേരെ വെടിയുതിർത്തു. അതിർത്തി രക്ഷാസേന ഉടൻ പ്രത്യാക്രമണം നടത്തി. കരസേനയും ജമ്മുകശ്മീർ പോലീസും ഓപ്പറേഷനിൽ ഉടൻ പങ്കുചേർന്നു. വ്യോമത്താവളം അടുത്തായതിനാൽ അവിടേക്ക് ഭീകരർ കടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു. വിമാനത്താവളം താല്ക്കാലികമായി അടച്ചു. ബിഎസ്എഫിലെ ഒരു എഎസ്ഐ ആക്രമണത്തിൽ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു ഭീകരൻ കൂടി ക്യാംപിനകത്ത് ഉണ്ടെന്നും ഓപ്പറേഷൻ തുടരുകയാമെന്നും ബിഎസ്എഫ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകൃത ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.
ആക്രമണത്തെതുടർന്ന് അടച്ച ശ്രീനഗർ വിമാനത്താവളത്തിൽ ആറു മണിക്കൂറിന് ശേഷമാണ് വ്യോമഗതാഗതത്തിന് അനുവാദം നല്കിയത്. വിമാനത്താവളവും വ്യോമത്താവളവും ഉള്ള ശ്രീനഗറിൽ നാല് തട്ട് സുരക്ഷയുള്ള മേഖലയിൽ ഭീകരർ കടന്നത് ആഭ്യന്തരമന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്.
