കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ മേജറെ സ്ത്രീയോടൊപ്പം ഹോട്ടലില്‍ പിടികൂടി

ശ്രീനഗര്‍:കശ്മീരിലെ ബദ്ഗം ജില്ലയില്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുമ്പില്‍ കെട്ടിയിടാന്‍ ഉത്തരവിട്ട മേജര്‍ ലീതുല്‍ ഗൊഗോയിയെ സ്ത്രീയോടൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് പിടികൂടി. ഇദ്ദേഹത്തെ പൊലീസ് പിടികൂടി സൈനിക യൂണിറ്റിന് കൈമാറി. സ്ത്രീയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇരുവരെയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പെടാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ശ്രീനഗര്‍ ലോകസഭാ തിരഞ്ഞെടുപ്പ് ദിവസമായ 2017 ഏപ്രില്‍ ഒമ്പതിനായിരുന്നു ബദ്ഗാം ജില്ലയില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട് ജീപ്പോടിക്കാന്‍ മേജര്‍ ഉത്തരവിട്ടത്. ഫറൂഖ് അഹമ്മദ് ദാര്‍ എന്ന് 26കാരനെയാണ് സൈന്യം ജീപ്പിന് മുന്നില്‍ കെട്ടയത്.

യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട് യാത്ര ചെയ്യുന്ന ദൃശ്യം പ്രചരിച്ചതോടെ ഇത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ പിന്നീട് സൈന്യം മേജറെ ആദരിച്ചിരുന്നു. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കല്ലെറിയുന്നവരുടെ ഗതി ഇതായിരിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു അന്ന് ഈ സംഭവം നടന്നത്. 

സംഭവത്തില്‍ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. 12 ഓളം ഗ്രാമങ്ങളില്‍ ഇതേ രീതിയില്‍ തന്നെയും കൊണ്ട് ജീപ്പില്‍ സഞ്ചരിച്ചുവെന്ന് പിന്നീട് ഫറൂഖ് വ്യക്തമാക്കിയിരുന്നു.

ശ്രീനഗര്‍ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈന്യത്തിന് നേരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിരത്തിയായിരുന്നു സൈന്യം അന്ന് ആരോപണങ്ങളെ പ്രതിരോധിച്ചത്. ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് അക്രമികളിലൊരാളെ മനുഷ്യകവചമാക്കിയതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.