സൈന്യത്തിലേക്കുള്ള റാലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരീശീലന കോഴ്സിലേക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതെന്നാരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പരീശീലന റാലി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബറ്റാലിയൻ എന്ന ഏജൻസിയാണ് തളി സാമൂതിരി ഹൈസ്കൂളിൽ പ്രീ റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിച്ചത്. പത്താംക്ലാസ് , പ്ലസ്ടു വിദ്യാർത്ഥികൾക്ക് റാലിയിൽ പങ്കെടുക്കാമെന്ന് കാണിച്ച് അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് നോട്ടീസുകൾ വിതരണം ചെയ്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികൾ റാലിക്കെത്തി. പലരും ആർമ്മി നേരിട്ട് നടത്തുന്ന റാലിയാണെന്ന് തെറ്റിദ്ധരിച്ച് വന്നവരായിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർ 15000 രൂപ വീതം ഫീസ് നൽകണമെന്ന് സംഘാടകർ പറഞ്ഞതോടെ ഉദ്യോഗാർത്ഥികൾ ബഹളം വെച്ചു. എന്നാൽ പരിശീലന കോഴ്സ് എന്ന് പറഞ്ഞാണ് റിക്രൂട്ട്ചെയ്തതെന്ന് സംഘാടകർ പറഞ്ഞു. സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പൊലീസെത്തി റാലി നിർത്തിവെപ്പിച്ചു. കഴിഞ്ഞ ദിവസം വടകരയിൽ ഇതേ ഏജൻസി നടത്തിയ റാലിയിലും സംഘർഷമുണ്ടായിരുന്നു.
