അണ്ഡാശയത്തില്‍ നിന്ന് വളര്‍ന്ന മുഴ മറ്റ് അവയവങ്ങളെ തകര്‍ക്കാന്‍ തുടങ്ങിയിരുന്നു 

വാഷിംഗ്ടണ്‍: നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ശരീരഭാരത്തെ മുപ്പതുകാരിയായ കെയ്‍ല റാന്‍ ആദ്യമൊന്നും കണക്കാക്കിയിരുന്നില്ല. സ്വതവേ തടിച്ച പ്രകൃതമായതിനാല്‍ അതില്‍ പ്രത്യേകിച്ച് ഒന്നും കെയ്‌ലക്ക് തോന്നിയില്ല. 

ആളുകള്‍ ഗര്‍ഭിണിയാണോയെന്ന് വരെ ചോദിച്ചുതുടങ്ങി. എന്നാല്‍ വേദന തുടങ്ങിയതോടെയാണ് ഡോക്ടറെ കാണണമെന്നും ശ്രദ്ധിക്കമണമെന്നും കെയ്‌ലയ്ക്ക് തോന്നിയത്. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്.

ഞെട്ടിക്കുന്ന പരിശോധനാഫലമായിരുന്നു കിട്ടിയത്. അണ്ഡാശയത്തിനകത്ത് നിന്ന് ഒരു മത്തങ്ങയോളം വലിപ്പമുള്ള മുഴ വളര്‍ന്നിരിക്കുന്നു. ഭീമാകാരനായ മുഴ മറ്റ് അവയവങ്ങളെയും തകര്‍ക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ് കെയ്‌ല ആശുപത്രിയിലെത്തുന്നത്. ഇല്ലായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

വൈകാതെ ശസ്ത്രക്രിയയിലൂടെ മുഴ പുറത്തെടുത്തു. ഏതാണ്ട് 23 കിലോയോളം ഭാരമുണ്ടായിരുന്നു അതിന്. അണ്ഡാശയത്തില്‍ മുഴയുണ്ടാകുന്നത് അത്ര അപൂര്‍വ്വം സംഭവമല്ലെങ്കിലും ഇത്രയധികം വലിപ്പവും ഭാരവുമുള്ള മുഴയുണ്ടാകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.